ചാലക്കുടി: കുടിവെള്ള പൈപ്പ് സ്ഥാപിക്കാൻ കുത്തിപ്പൊളിച്ച കൊരട്ടി-ഇരട്ടച്ചിറ റോഡ് ഒന്നര വർഷമായിട്ടും നന്നാക്കാത്തതിനെ തുടർന്ന് പൊറുതിമുട്ടിയ പ്രദേശവാസികൾ വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയറെ ഉപരോധിച്ചു.
ചാലക്കുടി വാട്ടർ അതോറിറ്റി ഓഫിസിലാണ് കൊരട്ടി പഞ്ചായത്തിലെ ഏഴാം വാർഡിലെ ജനം പ്രതിഷേധവുമായി എത്തിയത്. ഡെന്നീസ് കെ. ആൻറണി, കെ.പി. തോമസ്, പഞ്ചായത്ത് അംഗം ജിസി പോൾ എന്നിവരുടെ നേതൃത്വത്തിലാണ് ജനം സംഘടിച്ചെത്തിയത്. ചെറുപ്പക്കാരും സ്ത്രീകളും വയോധികരും അടങ്ങുന്ന സംഘം എൻജിനീയറുടെ മുറിയിലെ തറയിൽ കുത്തിയിരിപ്പ് നടത്തി.റോഡ് നന്നാക്കുന്ന വിഷയത്തിൽ വ്യക്തമായ തീരുമാനം അറിയിക്കുന്നതുവരെ കുത്തിയിരിപ്പ് തുടരുമെന്ന് അവർ പറഞ്ഞു.
നാലുകെട്ട് മുതൽ ഇരട്ടച്ചിറ വരെ ഒന്നര കിലോമീറ്റർ ദൂരമാണ് കുടിവെള്ള പൈപ്പ് സ്ഥാപിക്കാൻ കുഴിയെടുത്തത്. റോഡിന്റെ ഒരു ഭാഗത്ത് വാട്ടർ അതോറിറ്റിയുടെയും മറുഭാഗത്ത് ജൽ ജീവൻ മിഷൻ പദ്ധതിയുടെയും ഭാഗമായാണ് പൈപ്പുകൾ സ്ഥാപിച്ചത്. രണ്ട് കോൺട്രാക്ടർമാരാണ് ഇതിന്റെ ഭാഗമായി പ്രവൃത്തി ചെയ്തത്. അതേസമയം, ഇവക്കിടയിലുള്ള കൊരട്ടി-നാലുകെട്ട് പി.ഡബ്ല്യു.ഡി റോഡ് പൊളിച്ചിട്ടില്ല. അത് പൊളിച്ച് പൈപ്പ് സ്ഥാപിച്ചാലേ ഇവിടത്തെ പണികൾ തീർക്കാനാവൂ. അത് ചെയ്യാൻ വൈകുന്നതും പൊളിച്ച റോഡുകൾ ശരിയാക്കുന്നതിന് കാലതാമസം വരുത്തുകയാണ്.
റോഡ് പൂർവസ്ഥിതിയിലാക്കാൻ ജനം നിരന്തരം ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥർ ഒഴിഞ്ഞു മാറുകയാണ്. രണ്ടുമാസം മുമ്പ് മെറ്റൽ ഇട്ടെങ്കിലും റോഡ് റോളർ നിരത്തിയില്ല. ഇപ്പോൾ മെറ്റൽ പരന്ന് സൈക്കിൾ യാത്ര പോലും ദുസ്സഹമായി.
അഞ്ച് ബസ്സുകൾ ഓടിയിരുന്ന വഴിയാണിത്. ഇപ്പോൾ ഒന്നും ഓടുന്നില്ല. സ്കൂൾ ബസുകളടക്കമുള്ള വാഹനങ്ങളും ഓട്ടം നിർത്തി. യാത്ര ചെയ്യാൻ വിളിച്ചാൽ ഓട്ടോപോലും വരുന്നില്ല. സഹിക്കെട്ടാണ് നാട്ടുകാർ ഉപരോധം സംഘടിപ്പിച്ചത്. ഇനിയും നീണ്ടുപോയാൽ മഴക്കാലത്ത് പണി നടക്കില്ലെന്നതും സമരത്തിനിറങ്ങാൻ പ്രേരകമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.