ചാലക്കുടി: കുഴിക്കാട്ടുശ്ശേരിയിൽ തനിച്ച് താമസിക്കുന്ന 80കാരിയെ കെട്ടിയിട്ട് കവർച്ച നടത്തിയ ആളെ മണിക്കൂറുകൾക്കകം പിടികൂടി. മലപ്പുറം ചേലേമ്പ്ര കാക്കഞ്ചേരി നീലേടത്ത് കാവുംകര എടത്തനാംതൊടി വീട്ടിൽ മുഹമ്മദ് ഷാഫിയാണ് (39) പിടിയിലായത്. ആളൂർ സ്വദേശിയുടെ ഇറച്ചിക്കടയിൽ ജോലിക്കെത്തിയ മുഹമ്മദ് ഷാഫി വയോധികയുടെ തറവാടിനടുത്താണ് വാടകക്ക് താമസിക്കുന്നത്. വയോധിക തനിച്ച് താമസിക്കുന്നതറിഞ്ഞ് കവർച്ച ആസൂത്രണം ചെയ്തതാണെന്ന് പൊലീസ് പറഞ്ഞു.
കവർച്ചയുടെ വിവരം ഏറെ നേരത്തിനുശേഷമാണ് പുറത്തറിഞ്ഞത്. തൃശൂർ റൂറൽ എസ്.പി ആർ. വിശ്വനാഥിെൻറ നിർദേശപ്രകാരം ചാലക്കുടി ഡിവൈ.എസ്.പി സി.ആർ. സന്തോഷും സംഘവും ഉടൻ സ്ഥലത്തെത്തി പരിശോധിച്ച് അന്വേഷണം തുടങ്ങി. പരിസരത്തുനിന്ന് മാറിത്താമസിക്കുന്നവരുടെ വിവരങ്ങൾ ശേഖരിച്ചതാണ് അന്വേഷണം മുഹമ്മദ് ഷാഫിയിൽ കേന്ദ്രീകരിക്കാൻ കാരണമായത്.
ഇയാളുടെ ഫോൺ നമ്പർ ശേഖരിച്ച് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഒാഫായിരുന്നു. ഇത് കൂടുതൽ സംശയത്തിനിടയാക്കി. തുടർന്ന് ഇയാളെ സംബന്ധിച്ച വിവരങ്ങൾ ത്വരിതഗതിയിൽ സംഘടിപ്പിച്ച അന്വേഷണസംഘം പിന്തുടർന്ന് പട്ടിക്കാടെത്തുമ്പോൾ കർണാടകയിലെ ബൽത്തങ്ങാടിയിലേക്ക് യാത്രക്കുള്ള തയാറെടുപ്പിലായിരുന്നു. ചോദ്യം ചെയ്യലിൽ പരസ്പരവിരുദ്ധമായാണ് മറുപടി പറഞ്ഞത്. ശാസ്ത്രീയ ചോദ്യം ചെയ്യലിനൊടുവിൽ കുറ്റം സമ്മതിച്ചു.
മോഷ്ടിച്ച ആഭരണങ്ങളും പണവും കണ്ടെടുത്തു. ആളൂർ സി.ഐ എം. ദിനേശ് കുമാർ, എസ്.ഐ എ.വി. സത്യൻ, പ്രത്യേക അന്വേഷണ സംഘത്തിലെ എ.എസ്.ഐമാരായ ജിനുമോൻ തച്ചേത്ത്, റോയ് പൗലോസ്, പി.എം. മൂസ, സീനിയർ സി.പി.ഒമാരായ വി.യു. സിൽജോ, എ.യു. റെജി, ഷിജോ തോമസ്, ഹൈടെക് സെൽ ഉദ്യോഗസ്ഥൻ രജീഷ്, ആളൂർ സ്റ്റേഷനിലെ എ.എസ്.ഐമാരായ ജോഷി, ദാസൻ എന്നിവരാണ് ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.