ചാലക്കുടി: ചന്ദനത്തടികൾ കടത്തുന്നതിനിടെ മേച്ചിറയിൽ കൊള്ളക്കാരും വനപാലകരും തമ്മിൽ ഏറ്റുമുട്ടി. കോടശേരി വനമേഖലയിൽനിന്ന് ലക്ഷക്കണക്കിന് രൂപയുടെ ചന്ദനത്തടി കടത്തിക്കൊണ്ടുപോകാനുള്ള ശ്രമത്തിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. വെള്ളിക്കുളങ്ങര റേഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ 44 ചന്ദനമുട്ടികൾ പിടിച്ചെടുക്കുകയും നാലുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. രക്ഷപ്പെട്ട പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.
ചൊവ്വാഴ്ച പുലർച്ച 2.45നാണ് സംഭവം. കാട്ടിൽനിന്ന് എത്തിച്ച ചന്ദനത്തടികൾ മേച്ചിറ-കനകമല റോഡിനോട് ചേർന്ന റബർ തോട്ടത്തിൽവെച്ച് വാഹനത്തിൽ കയറ്റുന്നത് വനംവകുപ്പ് തടഞ്ഞപ്പോഴാണ് സംഘർഷാവസ്ഥ ഉണ്ടായത്. മണ്ണാർക്കാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ചന്ദനക്കടത്ത് ലോബിയാണ് പിന്നിലെന്നാണ് വിവരം. വാഴക്കന്നുകൾക്കടിയിൽ വാഴയിലകൊണ്ടും മറ്റും മൂടി ചന്ദനത്തടികൾ ലോറിയിൽ കടത്താനായിരുന്നു പദ്ധതി. ഏതാനും ദിവസമായി വനമേഖലയിൽ അപരിചതരുടെ സാന്നിധ്യമുണ്ടായിരുന്നത് മനസ്സിലാക്കിയ വനപാലകർ ഇവർ ചന്ദനക്കൊള്ളക്കാരാണെന്ന് പിടികിട്ടിയതോടെ കുടുക്കാൻ വലയൊരുക്കുകയായിരുന്നു. കനകമല-മേച്ചിറ റോഡിൽ ഇരുവശത്തും ഗതാഗതം തടസ്സപ്പെടുത്തിയശേഷം 50ഓളം വനപാലകരെ വിന്യസിച്ചു. രാത്രിയായതോടെ സംഘം ലോറിയുമായെത്തി മരം കയറ്റാൻ തുടങ്ങി.
വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയതോടെ പകുതിയോളം തടികൾ കയറ്റിയ ലോറി ഇതിനിടെ കുതിച്ചുപാഞ്ഞു. ഇതോടെ തടികൾ റോഡിൽ ചിതറിത്തെറിച്ചു. തടയാൻ ശ്രമിച്ച വനപാലകർക്കുനേരെ വാഹനം ഇടിച്ചുകയറ്റാനും ശ്രമം നടന്നു. വെട്ടിച്ച് കടന്നുകളയാൻ ശ്രമിച്ച ലോറി വനപാലകരുടെ ജീപ്പ് ഇടിച്ചു തകർെത്തങ്കിലും രക്ഷപ്പെടാനായില്ല. ലോറി ഡ്രൈവറെയും പിന്നീട് കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച മൂന്ന് പേരെയുമാണ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.