ചാലക്കുടി: പറമ്പിക്കുളം-ആളിയാർ കരാർ വ്യവസ്ഥകൾ പ്രകാരം എല്ലാ വർഷവും ഫെബ്രുവരി ഒന്നിന് കേരള ഷോളയാർ നിറച്ചിരിക്കണമെന്ന വ്യവസ്ഥ ഇത്തവണ തമിഴ്നാട് ലംഘിച്ചതിനാൽ ചാലക്കുടി നദീതടത്തിൽ വരൾച്ചയുണ്ടാകുമെന്ന് ആശങ്ക. ശക്തമായ വേനൽമഴ ലഭിച്ചാൽ മാത്രമേ ജല പ്രതിസന്ധി മറി കടക്കാനാവൂ. അടുത്ത നാലോ അഞ്ചോ മാസത്തേക്ക് ചാലക്കുടി നദീതടത്തിലെ ഏറ്റവും പരിമിതമായ ആവശ്യങ്ങളെങ്കിലും നിറവേറ്റാൻ 200 ദശലക്ഷം ഘനമീറ്ററിലധികം വെള്ളം ആവശ്യമാണെന്നാണ് കണക്ക്. എന്നാൽ നിലവിൽ ഇതിന്റെ 60 ശതമാനം പോലും ലഭ്യമല്ല.
ലഭ്യമായ ജലം പുഴ തടത്തിന്റെ മുഴുവൻ ആവശ്യങ്ങളും പരിഗണിച്ച് ഏറ്റവും സൂക്ഷ്മമായും നീതിപൂർവകവും കൈകാര്യം ചെയ്തില്ലെങ്കിൽ പല പ്രദേശങ്ങളും കടുത്ത ജലദൗർലഭ്യം നേരിടേണ്ടി വരുമെന്നാണ് ചാലക്കുടിപ്പുഴ സംരക്ഷണ സമിതി പോലുള്ള സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്. 1970ൽ നിലവിൽ വന്ന പി.എ.പി കരാറിലെ ഈ വ്യവസ്ഥ ലംഘിക്കുന്നത് തമിഴ്നാട് തുടരുകയാണ്. ഫെബ്രുവരി ഒന്നിന് കേരള ഷോളയാർ നിറയ്ക്കണം എന്നതിനൊപ്പം കരാറിലെ മറ്റൊരു വ്യവസ്ഥ ഷോളയാറിൽ നമുക്ക് അവകാശപ്പെട്ട 12300 ദശലക്ഷം ഘനയടി ജലം ഒന്നിനകം ലഭിക്കണമെന്നാണ്. എന്നാൽ 2023 ജൂലൈ ഒന്നുമുതൽ ഫെബ്രുവരി ഒന്നുവരെ നമുക്ക് ലഭിച്ചത് 11,358 ദശലക്ഷം ഘനയടി മാത്രമാണ്. 2024 ഫെബ്രുവരി ഒന്നിന് 5420 ദശലക്ഷം ഘനയടി സംഭരണശേഷിയുള്ള കേരള ഷോളയാറിൽ 4195.4 ദശലക്ഷം ഘനയടി വെള്ളം മാത്രമാണ് ഉള്ളത്. ഇത് 77 ശതമാനം മാത്രമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.