ചാലക്കുടി: ചാലക്കുടിയിലെ ഹോട്ടലുകളിലും ഭക്ഷ്യവിഭവങ്ങൾ വിൽപന നടത്തുന്ന സ്ഥാപനങ്ങളിലും നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തി ക്രമക്കേടുകൾ കണ്ടെത്തി. എന്നാൽ, ഇത്തരം സ്ഥാപനങ്ങളടെ പേരുവിവരം സെക്രട്ടറിയും ഉദ്യോഗസ്ഥരും മറച്ചുവെച്ചതായി പരാതി. ക്രമക്കേട് നടത്തുന്ന ഹോട്ടലുകളെക്കുറിച്ച് പൊതുജനങ്ങൾക്ക് വിവരം ലഭിക്കേണ്ടതുണ്ട്. ഇതിനെതിരെ ജാഗ്രത പുലർത്താനുള്ള ജനങ്ങളുടെ അവകാശമാണ് നഗരസഭ അധികൃതർ ഇതുവഴി നഷ്ടമാക്കുന്നത്. അതുവഴി വൃത്തിഹീനമായി ഭക്ഷണം നൽകുന്നവർക്കും ഭക്ഷണ സാധനങ്ങളിൽ മായം ചേർക്കുന്നവർക്കും ഒത്താശ ചെയ്യുകയാണ് നഗരസഭയെന്നാണ് ആരോപണം.
നഗരസഭ അതിർത്തിയിലെ ഹോട്ടലുകളിലും മറ്റും ചൊവ്വാഴ്ച രാവിലെയാണ് നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്. തുടർന്ന് പല കടകളിൽനിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്ത് നഗരസഭ ഓഫിസിൽ എത്തിക്കുകയായിരുന്നു. വിവിധ ഹോട്ടലുകളിൽനിന്ന് പിടിച്ചെടുത്തതാണെന്ന് പറഞ്ഞ് ഇവ നഗരസഭ ഓഫിസിൽ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും പിഴയീടാക്കുകയും ചെയ്തതായി പറയുന്നു. എന്നാൽ, ഇത് ഏതെല്ലാം സ്ഥാപനങ്ങളിൽ നിന്നാണെന്ന പേരുവിവരം വെളിപ്പെടുത്തില്ലെന്ന് മാധ്യമ പ്രവർത്തകരോട് ആരോഗ്യവിഭാഗം പറഞ്ഞു.
ചാലക്കുടി നഗരത്തിൽ ഒട്ടേറെ ഹോട്ടൽ വ്യാപാരശാലകളാണുള്ളത്. നഗരസഭ അധികൃതരുടെ ഇത്തരം നിലപാട് മൂലം നല്ല രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെല്ലാം സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.