ചാലക്കുടി: വാഹനാപകടങ്ങളുടെ കേന്ദ്രമായ പോട്ട സുന്ദരിക്കവലയെ ഒഴിവാക്കി ഗതാഗത പരിഷ്കാരം നടത്താനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തം. ഇവിടത്തെ അപകടാവസ്ഥ പരിഹരിക്കാൻ ദേശീയപാതയിൽ ആശ്രമം കവലയിൽ വച്ച് പടിഞ്ഞാറ് സർവീസ് റോഡിലൂടെ വാഹനങ്ങൾ കടത്തിവിടാൻ ആലോചന നടത്തുന്നതിനെതിരെയാണ് പ്രദേശവാസികൾ പ്രതിഷേധമുയർത്തുന്നത്. ആശ്രമം കവലയിൽനിന്ന് നേരെ കിഴക്കുഭാഗത്തെ അനുബന്ധ റോഡിലൂടെ വാഹനങ്ങൾ കടത്തിവിടുമ്പോൾ സുന്ദരിക്കവലയിലെത്തിയാൽ അനുബന്ധ റോഡ് ഇല്ലാത്തതാണ് പ്രധാന പ്രശ്നം. കൂടാതെ അതുവരെയുള്ള ഈ അനുബന്ധ റോഡിലൂടെ കഷ്ടിച്ച് ഒരു വാഹനം കടന്നു പോകാനുള്ള വീതിയേയുള്ളു.
എന്നാൽ ആശ്രമം കവലയിൽ വെച്ച് പടിഞ്ഞാറ് ഭാഗത്തെ സർവിസ് റോഡിലൂടെ വാഹനങ്ങൾ കടത്തിവിട്ടാൽ പ്രധാന കേന്ദ്രമായ പോട്ട ജങ്ഷൻ പൂർണമായും ഒഴിവാക്കപ്പെടുമെന്ന ഭീതിയാണ് നാട്ടുകാർക്ക്. കിഴക്ക് ഭാഗത്തെ സർവിസ് റോഡിന് ദേശീയ പാത അതോറിറ്റി ഏറ്റെടുത്തിരിക്കുന്ന മുഴുവൻ സ്ഥലവും ഉപയോഗിച്ച് റോഡിന് വീതി കൂട്ടി ടാറിടുകയാണ് വേണ്ടതെന്ന് ഇവർ ആവശ്യപ്പെടുന്നു. അക്വയർ ചെയ്ത മുഴുവൻ സ്ഥലവും ഏറ്റെടുത്ത് റോഡിന് വീതി കൂട്ടി പ്രശ്നം പരിഹരിക്കുന്നതിന് പകരം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നിലപാടുകളിലേക്ക് പോകരുതെന്ന് ഇവർ പറഞ്ഞു. ചാലക്കുടിയിൽനിന്ന് വരുന്ന വാഹനങ്ങൾ പോട്ട ജംഗ്ഷനിൽ പ്രവേശിക്കാതെ ആശ്രമം സിഗ്നൽ ജംഗ്ഷനിൽ നിന്നും പടിഞ്ഞാറെ സർവിസ് റോഡ് വഴി വിടാനുള്ള നീക്കം പ്രതിഷേധാർഹമാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി.പൗരസമിതി നേതാക്കളായ കൗൺസിലർ വത്സൻ ചമ്പക്കര, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സി.ഐ ജോൺസൻ, നന്മ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് പോൾസൺ മേലേപുറം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.