ചാലക്കുടി: പൊലീസ് സ്റ്റേഷനിൽനിന്ന് ഇറങ്ങി ഓടിയ ആൾ ട്രാൻസ്ഫോർമറിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കുന്നതിനിടെ ഷോക്കേറ്റു വീണു. ഷാജി (40) എന്ന ആൾക്കാണ് ഷോക്കേറ്റത്. ഇയാളെ കുറിച്ച് കൂടുതൽ വിവരം ആർക്കും അറിയില്ല. പൊലീസ് കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരുന്നു. തിങ്കളാഴ്ച രാവിലെ കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് ജനങ്ങൾക്ക് ശല്യമുണ്ടാക്കിയതിനെ തുടർന്ന് പരാതി ഉണ്ടായപ്പോഴാണ് ചാലക്കുടി പൊലീസ് കസ്റ്റഡിയിലെടുത്തത്.
സ്റ്റേഷന് പുറത്ത് പരാതിക്കാർക്ക് വേണ്ടിയുള്ള സ്ഥലത്ത് ഇരിക്കാൻ നിർദേശിച്ചിരുന്നു. പരസ്പരവിരുദ്ധമായ കാര്യങ്ങൾ സംസാരിക്കുന്ന ഇയാൾ പിന്നീട് ആരുടെയും ശ്രദ്ധയിൽ പെടാതെ ഗേറ്റ് കടന്ന് പുറത്തേക്ക് പോയി. റോഡിലെത്തിയ ഇയാൾ വഴിയിൽനിന്ന് കിട്ടിയ കുപ്പി പൊട്ടിച്ച് ശരീരത്തിൽ മുറിവുകളുണ്ടാക്കിയതായി പറയുന്നു.
സമീപത്തെ ട്രാൻസ്ഫോർമറിൽ അള്ളിക്കയറി മുകളിൽനിന്ന് ആത്മഹത്യ ഭീഷണി മുഴക്കി. അപ്പോഴേക്കും ജനങ്ങൾ തടിച്ചു കൂടി. താഴെ ഇറങ്ങാൻ അഭ്യർഥിച്ചെങ്കിലും ഇറങ്ങിയില്ല. നിൽക്കുന്നതിനിടയിലാണ് ട്രാൻസ്ഫോർമറിൽനിന്ന് ഷോക്കേറ്റ് താഴെ വീണത്. പൊലീസും അഗ്നിശമന സേനയും മറ്റും ചേർന്ന് ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരീരത്തിൽ പൊള്ളലേറ്റിട്ടുണ്ട്. പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.