തുമ്പൂർമുഴി രണ്ടാംഘട്ട നവീകരണ ഉദ്ഘാടന ചടങ്ങിൽ നിന്ന്

അതിരപ്പിള്ളി ടൂറിസം സർക്യൂട്ടിന് കൂടുതൽ മിഴിവേകാൻ ഇനി തുമ്പൂർ മുഴിയും - മുഖ്യമന്ത്രി

അതിരപ്പിള്ളി ടൂറിസം സർക്യൂട്ടിന് കൂടുതൽ മിഴിവേകാൻ ഇനി തുമ്പൂർമുഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തുമ്പൂർമുഴി ഉദ്യാനം നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായത്തോടെ അതിരപ്പിള്ളി,വാഴച്ചാൽ മലക്കപ്പാറ വിനോദ കേന്ദ്രങ്ങളുടെ ടൂറിസം സാധ്യതകൾ കൂടുതൽ വർധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. തുമ്പൂർമുഴി ഉദ്യാനം രണ്ടാംഘട്ടം നവീകരണ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിസ്ഥിതിക്ക് ദോഷം വരാതെ വിനോദ സഞ്ചരികൾക്കായി സൗകര്യങ്ങൾ ഏർപ്പെടുത്തിയാണ് ടൂറിസം രംഗത്തെ പ്രവർത്തനങ്ങൾ സർക്കാർ മുന്നോട്ട് കൊണ്ടുപോകുന്നത്. കോവിഡ് കാലത്തെ അതിജീവിച്ച് കേരളത്തെ വീണ്ടും സഞ്ചരികളുടെ പറുദീസയാക്കി മാറ്റണം എന്നതാണ് നമ്മുടെ ലക്ഷ്യം. സംസ്ഥാന ടൂറിസം മേഖലയ്ക്ക് പ്രയോജനകരമായ 26 പദ്ധതികളുടെ ഉദ്ഘാടനം 14 ജില്ലകളിലായി നിർവഹിച്ചു. കോവിഡ് കാലത്ത് 25000 കോടി രൂപയുടെ നഷ്ടമാണ് ഈ മേഖലയിൽ ഉണ്ടായത്. വലിയ തോതിൽ തൊഴിൽ നഷ്ടവും നേരിട്ടു. പ്രത്യക്ഷമായും പരോക്ഷമായും 15 ലക്ഷം പേരാണ് ടൂറിസം മേഖലയിൽ പണിയെടുക്കുന്നത്. അതുകൊണ്ട് തന്നെ കോവിഡ് നിബന്ധനകൾ പാലിച്ചുകൊണ്ട് ടൂറിസം കേന്ദ്രങ്ങൾ തുറന്നുകൊടുക്കും. കോവിഡ് കാലത്തെ അതിജീവിച്ച് ടൂറിസം മേഖലയിൽ പുത്തനുണർവ് കൊണ്ടുവരുന്നതിന് സർക്കാരിന്റെ 100 ദിന കർമ്മപദ്ധതി ലക്ഷ്യമിടുന്നതായും അദ്ദേഹം പറഞ്ഞു.

നാല് കോടി രൂപ ചെലവിൽ കേരള സ്റ്റേറ്റ് ഹൗസിങ് ബോർഡാണ് തുമ്പൂർമുഴി രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. നവീകരിച്ച കുട്ടികളുടെ പാർക്ക്‌, കൃത്രിമ ജലാധര, 250 മീറ്റർ കരിങ്കൽ നടപ്പാത, രണ്ട് കൽ മണ്ഡപങ്ങൾ, ഷോപ്പിംഗ് ഏരിയ, കരിങ്കൽ ഇരിപ്പിടങ്ങൾ, വഴിവിളക്കുകൾ എന്നിവയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കോവിഡ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഉദ്യാനത്തിലേയ്ക്ക് ഇപ്പോൾ സന്ദർശകരെ അനുവദിക്കുന്നില്ല.

ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ബി ഡി ദേവസ്സി എം എൽ എ, ടൂറിസം സെക്രട്ടറി റാണി ജോർജ്, ടൂറിസം ഡയറക്ടർ ബാലകിരൺ, ജില്ലാ പഞ്ചായത്ത്‌ അംഗം സി ജി സിനി, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ കെ ഷീജു, വൈസ് പ്രസിഡന്റ്‌ വിജു വാഴക്കാല, അതിരപ്പിള്ളി പഞ്ചായത്ത്‌ പ്രസിഡന്റ്‌ തങ്കമ്മ വർഗീസ്, ഇടമലയാർ ഇറിഗേഷൻ പ്രൊജക്റ്റ്‌ എക്‌സിക്യൂറ്റീവ് എൻജിനീയർ പി എം വിത്സൺ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ കെ പി രാധാകൃഷ്ണ പിള്ള തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ അടിക്കുറിപ്പ് : തുമ്പൂർമുഴി രണ്ടാംഘട്ട നവീകരണ ഉദ്ഘാടന ചടങ്ങിൽ നിന്ന്

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.