ചാലക്കുടി: ബുധനാഴ്ച രാത്രിയിലെ നിരന്തര പരിശ്രമത്തിനൊടുവിൽ കാട്ടുപോത്തിനെ കാട്ടിലെത്തിച്ചതായി വനപാലകർ. അതിരപ്പിള്ളി റേഞ്ച് ഓഫിസർ പി.എസ്. നിഥിൻ, കാലടി റേഞ്ച് ഓഫിസർ അശോക രാജ് എന്നിവരുടെ നേതൃത്വത്തിൽ അതിരപ്പിള്ളി വനമേഖലയിലെ കിളിക്കാട് സംരക്ഷിത വനത്തിലേക്ക് കയറ്റി വിട്ടു. രാത്രി മുഴുവനും വാഹനവ്യൂഹത്തിൽ വെളിച്ചവുമായി വനപാലകരും സഹായികളും കാട്ടുപോത്തിനെ ആട്ടിത്തെളിച്ച് പിന്നാലെ പോയാണ് ജനവാസമേഖലയിൽനിന്ന് അകറ്റിയത്.
കാലടി റേഞ്ചിലെ കോൽപ്പാറ വനമേഖലയിൽ നിന്നാണ് കാട്ടുപോത്ത് മേലൂരിലെത്തിയത്. ഇതിനെ ആദ്യം കണ്ടെത്തിയ കാലടി റേഞ്ച് ഓഫിസർ കാട്ടിലേക്ക് കയറ്റി വിട്ടെങ്കിലും പിന്നീട് വീണ്ടും ജനവാസ മേഖലയിൽ എത്തുകയായിരുന്നു.
മേലൂർ, കൊരട്ടി പഞ്ചായത്തുകളിൽ ആശങ്ക പരത്തി ബുധനാഴ്ച മുഴുവനും അലഞ്ഞു തിരിഞ്ഞെങ്കിലും നാശനഷ്ടമൊന്നും ഉണ്ടാക്കിയിരുന്നില്ല. ബുധനാഴ്ച വൈകീട്ട് കൊരട്ടി ഇന്ത്യാ പ്രസ് വളപ്പിലെ മതിൽ കെട്ടിനുള്ളിൽ വച്ച് ഇതിനെ മയക്കുവെടി െവച്ച് കാട്ടിൽ കൊണ്ടു വിടാനായിരുന്നു വനപാലകരുടെ പദ്ധതി. എന്നാൽ മയക്കുവെടി വെക്കാൻ ശ്രമിക്കുന്നതിനിടെ പോത്ത് ചാടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നാലുകെട്ട് ഭാഗത്തേക്ക് പോയി. രാത്രിയിൽ പൊതുവഴിയിലിറങ്ങിയതോടെ ജനങ്ങൾ ഭീതിയിലാണ്ടു. തുടർന്ന് വനപാലകർ കാട്ടുപോത്തിനെ വിടാതെ പിന്തുടരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.