ചാലക്കുടി: ട്രെയിൻ വരുന്നത് കണ്ട് റെയിൽ പാലത്തിൽ നിന്ന് താഴെ ചാടിയ രണ്ടു യുവതികളിൽ ഒരാൾ മരിച്ചു. വിജയരാഘവപുരം സ്വദേശികളായ ചെമ്പോത്തുപറമ്പില്‍ മുജീബിന്റെ ഭാര്യ ഫൗസിയ (40), തൊറാപ്പടി ശ്രീജിത്തിന്റെ ഭാര്യ ദേവീകൃഷ്ണ (28) എന്നിവരാണ് വെള്ളക്കെട്ടില്‍ വീണത്. ഗുരുതര പരിക്കേറ്റ ദേവി കൃഷ്ണയാണ് മരിച്ചത്.
ചാലക്കുടി റെയിൽവേ സ്റ്റേഷന് തൊട്ടടുത്തുള്ള പാലക്കുഴിപ്പാലത്തിൽ ശനിയാഴ്ച രാവിലെയാണ് സംഭവം. ഇരുവരും ട്രെയിൻ വരുന്നതറിയാതെ പാലത്തിലൂടെ നടന്നുപോവുകയായിരുന്നു. പെട്ടെന്നാണ് ട്രെയിൻ കടന്നു വന്നത്. മാറിനിൽക്കാൻ സ്ഥലം ഉണ്ടായിരുന്നില്ല. മൂന്നു പേര്‍ ചേര്‍ന്നാണ് ജോലിക്കായി പാലത്തിലൂടെ നടന്നു പോയത്. ഇതില്‍ ഒരാള്‍ വെള്ളക്കെട്ടില്‍ വീഴാതെ രക്ഷപ്പെട്ടു.
ട്രെയിൻ മുട്ടുമെന്ന ഘട്ടത്തിൽ മറ്റൊരു വഴിയുമില്ലാതെ പാലത്തിൽ നിന്ന് നാൽപതടിയോളം താഴെയുള്ള പറയൻ തോട്ടിലേയ്ക്ക് എടുത്തുചാടുകയായിരുന്നു. ചാലക്കുടിപ്പുഴയിലേക്ക് ഒഴുകുന്ന വലിയ തോടാണ് പറയൻ തോട്. യുവതികളെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
വെള്ളക്കെട്ടിലെ മരക്കുറ്റിയിൽ തലയിടിച്ചാണു ദേവീകൃഷ്ണ മരിച്ചത്. ദേവീകൃഷ്ണ ചെളിയിൽ താണുപോവുകയായിരുന്നു. ദേവീകൃഷ്ണയുടെ മൃതദേഹം സെന്റ് ജയിംസ് ആശുപത്രി മോർച്ചറിയിൽ. ദ്രുവനന്ദയാണ് മകൾ. (എസ്എച്ച്സിഎൽപി സ്കൂൾ, ഒന്നാം ക്ലാസ് വിദ്യാർഥിനി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.