ചെറുതുരുത്തി: 86ാം വയസ്സിലും തൊഴിലുറപ്പ് ജോലിയിൽ സജീവമായി മുഹമ്മദ്. മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് എസ്.എൻ നഗറിൽ തൊഴിലുറപ്പ് ജോലിയിലേർപ്പെട്ട 30 സ്ത്രീകൾക്കൊപ്പം ഇദ്ദേഹം സജീവമാണ്. ആരോഗ്യവാനായ ഇദ്ദേഹം വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചാണ് ജോലിക്ക് എത്തുന്നത്. 60 വയസ്സിന് മുകളിലുള്ളവർക്ക് ജോലി കൊടുക്കരുത് എന്നാണ് നിയമം.
മുള്ളൂർക്കര പഞ്ചായത്തിെൻറ പ്രത്യേക അനുവാദത്തോടെയാണ് ഇപ്പോൾ തൊഴിലുറപ്പിന് എത്തുന്നത്. കൂലിപ്പണിക്കാരനായ മുഹമ്മദ് ഒരു വർഷത്തോളം വീട്ടിൽ ഇരുന്നു. എന്നാൽ, കൂടുതൽ നാൾ വെറുതെയിരിക്കാൻ ഇദ്ദേഹത്തിനായില്ല. ഒരു രൂപ 25 പൈസ ദിവസക്കൂലിക്ക് പണിക്ക് പോയിരുന്ന മുഹമ്മദ് അവസാനം 800 രൂപ വരെ ദിവസക്കൂലി വാങ്ങിയിരുന്നു. പുലർച്ചെ അഞ്ചിന് എഴുന്നേറ്റ് വീട്ടുവളപ്പിൽ കൈക്കോട്ടു പണി ചെയ്ത ശേഷമാണ് തൊഴിലുറപ്പിന് എത്തുന്നത്.
വീട്ടിൽനിന്ന് വരുമ്പോൾ വലിയ ഫ്ലാസ്ക്കിൽ ചൂടുവെള്ളം കരുതും. പുറത്തുനിന്ന് ചായയോ മറ്റു പലഹാരങ്ങളോ കഴിക്കാറില്ല. വീട്ടിലെ ഭക്ഷണം മാത്രമേ കഴിക്കാറുള്ളൂ. അതാണ് ആരോഗ്യ രഹസ്യമെന്നാണ് ഇദ്ദേഹം പറയുന്നത്. എസ്.എൻ നഗറിൽ തന്നെയാണ് താമസം. ഭാര്യ ആമിനയും മൂന്ന് ആൺമക്കളും മൂന്ന് പെൺമക്കളും അടങ്ങുന്നതാണ് കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.