ചെറുതുരുത്തി: പേവിഷബാധ ഉണ്ടെന്ന് സംശയിക്കുന്ന തെരുവ് നായെ തൊഴുപ്പാടത്ത് ചത്ത നിലയിൽ കണ്ടെത്തി. ജഡം പരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. ചൊവ്വാഴ്ച വൈകീട്ട് ഇത് വിവിധ വളർത്തു നായ്ക്കളെ കടിക്കുകയും നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തുകയും ചെയ്തിരുന്നു. എന്നാൽ രാത്രി ഏറെ വൈകിയും നായെ കണ്ടെത്താനായില്ല. തുടർന്ന് ബുധനാഴ്ച രാവിലെയാണ് തൊഴിപ്പാടം സെൻട്രലിൽ നായെ ചത്ത നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ ഏറെ ആശങ്കയിലാണ് പ്രദേശത്തെ ജനങ്ങൾ. തെരുവുനായ് നിരവധി വളർത്തു നായ്ക്കളെ കടിച്ചതിനാൽ നായുടെ ജഡം വെറ്ററിനറി ആശുപത്രിയിൽ പരിശോധിച്ച് പേവിഷബാധയുണ്ടോയെന്ന് സ്ഥിരീകരിക്കണമെന്ന് നാട്ടുകാർ പാഞ്ഞാൾ ഗ്രാമപഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു.
ഗ്രാമപഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി ചത്ത നായെ കുഴിച്ചുമൂടാൻ പറഞ്ഞെങ്കിലും ജനങ്ങൾ വിസമ്മതിക്കുകയായിരുന്നു. നായുടെ ശവവുമായി പ്രതിഷേധം നടത്തും എന്ന് ജനങ്ങൾ മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് കടിയേറ്റ നായ്ക്കളെ പരിശോധിക്കാം എന്ന് പഞ്ചായത്ത് അധികൃതർ ഉറപ്പുനൽകി. രണ്ടുദിവസംമുമ്പ് ഇവിടെ രണ്ടു പേർ നായുടെ കടിയേറ്റ് ചികിത്സ തേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.