തൃശൂർ: വിവാദ വഴിപാടുകളിൽ ഭേദഗതി വരുത്തി കൊച്ചിൻ ദേവസ്വം ബോർഡ്. കാൽകഴുകിച്ച് ഊട്ട് എന്നും '12 നമസ്കാരം'എന്നും അറിയപ്പെട്ടിരുന്ന വഴിപാടുകൾ കാലോചിതമായ മാറ്റങ്ങൾ വരുത്തി സമാരാധന എന്ന പേരിലേക്ക് മാറ്റി. ഇതോടൊപ്പം പൂജാർഹരായവരെയെല്ലാം ചടങ്ങുകളിൽ പങ്കെടുപ്പിക്കാനും തീരുമാനിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് ഭരണസമിതി അഖിലകേരള തന്ത്രിസമാജവുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
ബോർഡിന് കീഴിലെ തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലും കൊടുങ്ങല്ലൂർ ശിവകൃഷ്ണപുരം ക്ഷേത്രത്തിലും ചടങ്ങ് നടത്തുന്നത് വിവാദമായതിന് പിന്നാലെ കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുട ഞാലിക്കുളം മഹാദേവ ക്ഷേത്രത്തിലും കാൽകഴുകിച്ച് ഊട്ട് വിവാദമുയർന്നിരുന്നു. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ വഴിപാടുകളിലെ പ്രാകൃത നടപടികൾ ഒഴിവാക്കാൻ നിർദേശിച്ചിരുന്നു.
ക്ഷേത്രത്തിൽ പൂജാസന്ദർഭത്തിൽ നിവേദ്യസമയത്ത് പൂജാർഹരായവരെ ക്ഷണിച്ച് ദേവസമൻമാരായി സങ്കൽപ്പിച്ച് പൂജിക്കുകയും ഓരോരുത്തരേയും ഇരുത്തി മന്ത്രപൂരിതമായ പുറ്റുമണ്ണ് സ്വയം കാലിൽ വെക്കുകയും തന്ത്രി കിണ്ടിയിലെ തീർഥജലം അവരുടെ കാലിൽ ഒഴിച്ചുകൊടുക്കുകയും മുഖവും കൈകളും സ്വയം കഴുകി ശുദ്ധിവരുത്തിയവരെ ദേവസങ്കൽപ്പത്തിൽ തന്ത്രിതന്നെ പൂജിച്ച് നിവേദ്യത്തിന്റെ ഒരുഭാഗം വിളമ്പി നൽകുകയും അവർക്ക് ദ്രവ്യ താല വസ്ത്രങ്ങൾ കൊടുത്ത് നമസ്കരിക്കുകയും ചെയ്യുക എന്നതാണ് 'കാൽകഴുകിച്ച് ഊട്ട് എന്ന സമാരാധന'ചടങ്ങ്. ക്ഷേത്രപൂജക്ക് അർഹരായ എല്ലാ വ്യക്തികൾക്കും പൂജാർഹരായി ഈ ചടങ്ങിൽ പങ്കെടുക്കാനാവും. ദലിത് ശാന്തിമാർ വരെയുള്ളതാണ് കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങൾ.
ചടങ്ങ് പൂജാകർമങ്ങളുടെ ഭാഗമായി തന്ത്രിയും പുരോഹിതരും മാത്രം നിർവഹിക്കുന്നതാണ്. പൊതുജനങ്ങൾക്കോ വിശ്വാസികൾക്കോ ബാധകമുള്ളതല്ലെന്നിരിക്കെ ബ്രാഹ്മണ, അബ്രാഹ്മണ വിശേഷണങ്ങൾ നൽകിയതിലും വിവാദത്തിനിടയാക്കിയതിലും ചർച്ചയിൽ ബോർഡ് അംഗങ്ങളും തന്ത്രി പ്രതിനിധികളും അതൃപ്തി രേഖപ്പെടുത്തി.
ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ, അംഗം എം.ജി. നാരായണൻ, തന്ത്രി സമാജം പ്രസിഡന്റ് വേഴപ്പറമ്പ് ഈശാനൻ നമ്പൂതിരിപ്പാട്, സെക്രട്ടറി പുടയൂർ ജയനാരായണൻ നമ്പൂതിരിപ്പാട്, പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിപ്പാട്, ഹരിനാരായണൻ നമ്പൂതിരിപ്പാട്, എ.എ. ഭട്ടതിരിപ്പാട് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.