അണ്ടത്തോട്: പുന്നയൂർക്കുളം പഞ്ചായത്തിലുൾപ്പടെ തീരദേശ മേഖലയിലെ മുഴുവൻ ജനങ്ങളുടെയും ആശ്രയമായ അണ്ടത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ജീവനക്കാരുടെ അനാസ്ഥ മൂലം രോഗികൾക്ക് ദുരിതമാകുന്നു. ജീവനക്കാർ സമയത്തിന് ജോലിക്ക് ഹാജരാകാത്തതിനാൽ ഏറെസമയത്തെ കാത്തിരിപ്പിനുശേഷം രോഗികൾ നിരാശയോടെ മടങ്ങുന്നത് നിത്യസംഭവമാകുകയാണ്.
മഴ ശക്തമായാൽ ആരോഗ്യകേന്ദ്രത്തിൽ ചോർച്ചയും പതിവാണ്. ആരോഗ്യ കേന്ദ്രത്തിന്റെ വികസന ഭാഗമായി നിർമിച്ച കെട്ടിടവും പഴയകെട്ടിടത്തിന്റെ മുൻഭാഗവും കൂട്ടിച്ചേർത്ത ഭാഗത്താണ് ചോർച്ച. കഴിഞ്ഞവർഷം മഴക്കാലത്ത് ആരംഭിച്ച ചോർച്ചക്ക് അധികൃതർ നടപടി എടുക്കാത്തതിനാൽ ഇത്തവണ കൂടുതൽ ഭാഗങ്ങളിൽ ചോർച്ചയുണ്ട്. ഇതിനെതിരെ ആഴ്ചകൾക്ക് മുമ്പ് കോൺഗ്രസ് മണ്ഡലം നേതാക്കൾ ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകിയിരുന്നെങ്കിലും നടപടിയൊന്നുമില്ല.
അണ്ടത്തോട് കുടുംബാരോഗ്യകേന്ദ്രത്തിൽ രോഗികൾ നേരിടുന്ന പ്രയാസങ്ങൾ പരിഹരിക്കാനും ആശുപത്രിയുടെ സുഗമമായ പ്രവർത്തനവും സേവനവും ജനങ്ങൾക്ക് ഉറപ്പുവരുത്താനായി പുന്നയൂർക്കുളം പഞ്ചായത്ത് അധികൃതരുടെ അടിയന്തരശ്രദ്ധയും ഇടപെടലുമുണ്ടാകണമെന്ന് വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി റക്കീബ് തറയിൽ യോഗം ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സാദിക്ക് തറയിൽ അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് എം. കമാൽ, ഉമർ കടിക്കാട്, താഹിർ, അബ്ദുസമദ്, ഹുസൈൻ മടപ്പൻ, ലൂബ്ന ബക്കർ, ഫാരിജ ജാബിർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ കരീം മുടവത്തയിൽ സ്വാഗതവും ലത്തീഫ് കോലയിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.