തൃശൂർ: മഴ ലഭ്യതയിലുണ്ടായ വലിയ കുറവ് അണക്കെട്ടുകളിലെ ജലനിരപ്പിനെയും ബാധിച്ചു. ജലനിരപ്പ് കുത്തനെ താഴ്ന്നു. മഴദൗർലഭ്യം കൃഷിയെ ബാധിക്കാതിരിക്കാൻ കൃഷിരീതിയിൽ ആവശ്യമായ മാറ്റം വരുത്താൻ ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. തുലാവര്‍ഷം കാര്യമായി ലഭിച്ചില്ലെങ്കിൽ ജില്ല കനത്ത വരൾച്ചയെ നേരിടേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെ ജില്ലയില്‍ സാധാരണഗതിയില്‍ 1695 മില്ലീമീറ്റര്‍ മഴ ലഭിക്കാറുള്ള സ്ഥാനത്ത് ഈ വര്‍ഷം 868 മില്ലീമീറ്റര്‍ മാത്രമാണ് ലഭിച്ചതെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകള്‍.
49 ശതമാനം കുറവാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്. ആഗസ്റ്റിലെ മാത്രം കണക്കെടുത്താന്‍ കഴിഞ്ഞ വര്‍ഷം ആദ്യ 18 ദിവസങ്ങളില്‍ 307 മില്ലീമീറ്ററിലേറെ മഴ ലഭിച്ചപ്പോള്‍ ഇത്തവണ അത് 23 മില്ലീമീറ്റര്‍ മാത്രമാണ്. 92 ശതമാനത്തിന്റെ കുറവ്. മഴയിലുണ്ടായ ഈ ഗണ്യമായ കുറവ് ജില്ലയിലെ അണക്കെട്ടുകളിലെയും നദികളിലെയും ജലനിരപ്പില്‍ വലിയ തോതിലുള്ള കുറവുണ്ടാക്കി. കൃഷിക്കും കുടിവെള്ളത്തിനും ജില്ല പ്രധാനമായും ആശ്രയിക്കുന്ന അണക്കെട്ടുകളിലൊന്നായ പീച്ചി ഡാമില്‍ കഴിഞ്ഞ വര്‍ഷം 67 ശതമാനത്തിലേറെ വെള്ളമുണ്ടായിരുന്ന സ്ഥാനത്ത് നിലവില്‍ 23 ശതമാനം മാത്രമാണുള്ളത്. ചിമ്മിനി ഡാമില്‍ നിലവില്‍ 30.7 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം ഇത് 80 ശതമാനമായിരുന്നു. വാഴാനിയിലാവട്ടെ, കഴിഞ്ഞ വര്‍ഷം 73 ശതമാനം വെള്ളമുണ്ടായിരുന്ന സ്ഥാനത്ത് നിലവില്‍ 34 ശതമാനം മാത്രമാണ്.
വരും നാളുകളില്‍ നല്ല തോതില്‍ മഴ ലഭിച്ചില്ലെങ്കില്‍ കുടിക്കാനും കൃഷി ചെയ്യാനും ആവശ്യമായ വെള്ളം ഡാമുകളില്‍ ഉണ്ടാവാനിടയില്ലെന്ന് യോഗം വിലയിരുത്തി. ഇത്തരമൊരു സാഹചര്യത്തില്‍ ജലത്തിന്റെ ഉപയോഗം പരമാവധി കുറയ്ക്കുന്ന രീതിയില്‍ വിത്തിറക്കുന്ന സമയം, ഉപയോഗിക്കുന്ന വിത്തുകളുടെ സ്വഭാവം, ഏതൊക്കെ കൃഷികള്‍ ചെയ്യാം തുടങ്ങിയ കാര്യങ്ങളില്‍ എത്രയും വേഗം വ്യക്തമായ പദ്ധതി തയാറാക്കാന്‍ കാര്‍ഷിക വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് യോഗം നിർദേശം നല്കി. ശക്തമായ വരൾച്ച ഉണ്ടാവാനിടയുള്ള സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് ഉണ്ടാകുന്ന നഷ്ടം കുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൃഷിയിടങ്ങളുടെ സ്വഭാവത്തിനും ജലസ്രോതസ്സുകളുടെ ലഭ്യതക്കും അനുസരിച്ച് പ്രാദേശിക കാര്‍ഷിക കലണ്ടര്‍ തയാറാക്കാന്‍ നിർദേശം നല്‍കിയിരിക്കുന്നത്.
കലക്ടറേറ്റ് കണ്ട്രോള് റൂമില്‍ ചേര്‍ന്ന യോഗത്തില്‍ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ഡോ. എം.സി. റെജില്‍ അധ്യക്ഷനായി. എല്‍.എസ്.ജി.ഡി അസി. ഡയറക്ടര്‍ കെ.വി. ആന്‍സണ്‍ ജോസഫ്, മേജര്‍ ഇറിഗേഷന്‍ ഡിവിഷന് എക്സിക്യൂട്ടിവ് എൻജിനീയർ ടി.കെ. ജയരാജ്, മൈനര്‍ ഇറിഗേഷന്‍ അസി. എക്സിക്യൂട്ടീവ് എൻജിനീയർ എസ്. സീന ബീഗം, കെ.എല്‍.ഡി.സി പദ്ധതി എൻജിനീയർ സി.കെ. ഷാജി, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫിസ് ടെക്നിക്കല്‍ അസിസ്റ്റന്റ് എല്‍. ശ്രീലേഖ, ഹസാഡ് അനലിസ്റ്റ് സുസ്മി സണ്ണി, കൃഷി അസി. ഡയറക്ടര്‍മാര്‍, കേരള വാട്ടര്‍ അതോറിറ്റി എൻജിനീയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.