വരവൂര്‍: കുറുന്തോട്ടി കൃഷിയിൽ ആവർത്തിച്ച് ലാഭം കൊയ്യുകയാണ് വരവൂർ പഞ്ചായത്തിലെ തൃപ്തി കുടുംബശ്രീയിലെ നവര ജെ.എൽ.ജി ഗ്രൂപ്. നാലുവർഷം മുമ്പ് ഏഴ് ഏക്കര്‍ ഭൂമിയിലാണ് കുടുംബശ്രീ അംഗങ്ങള്‍ കുറുന്തോട്ടി കൃഷി ഇറക്കിയത്. തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ച് കൊണ്ടായിരുന്നു കൃഷി.
കഴിഞ്ഞ സീസണിൽ വിളവെടുപ്പ് കഴിഞ്ഞ കൃഷിയിടത്തിൽ ഈ വർഷത്തെ മഴയിൽ മുളച്ച് പൊന്തിയത് 10 ലക്ഷത്തോളം കുറുന്തോട്ടി തൈകളാണ്. നാലുലക്ഷത്തോളം തൈകൾ മറ്റത്തൂർ ലേബർ സൊസൈറ്റി വഴി ഇതിനകം വിറ്റഴിച്ചു. ഒരു തൈക്ക് 20 പൈസ നിരക്കിലാണ് തൈകൾ വിൽക്കുന്നത്.
ദിവസേന നിരവധി ഓർഡറുകളാണ് വരവൂർ കുടുംബശ്രീയിൽ വന്നുകൊണ്ടിരിക്കുന്നത്. കുറുന്തോട്ടി കൃഷി അഞ്ചാം വർഷത്തേക്ക് കടക്കുമ്പോൾ ഏറെ സന്തോഷത്തിലാണ് കുടുംബശ്രീ അംഗങ്ങൾ. മറ്റ് വിളകളെ പോലെ കൃഷി നാശം വരില്ല എന്നതും ഏത് പ്രതികൂല കാലാവസ്ഥയിലും കൃഷിയിറക്കാമെന്നതും കുറുന്തോട്ടി കൃഷിയുടെ പ്രത്യേകതയാണ്.
ആവർത്തനമായതിനാൽ തൊഴിലുറപ്പ് പദ്ധതിയുമായി ഇത്തവണ സംയോജന സാധ്യത സാധ്യമല്ലാതായി. സ്വന്തമായി തൊഴിലാളികളെ ഇറക്കി മൂന്ന് ഏക്കർ ഭൂമിയിലാണ് പുതിയതയായി കുറുന്തോട്ടി കൃഷി ആരംഭിച്ചത്.. പഞ്ചായത്ത് പ്രസിഡൻറ് പി.പി. സുനിത നടീൽ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷരായ പി.കെ. യശോദ, വിമല പ്രഹ്ലാദൻ, വാർഡ് മെംബർ വി.കെ. സേതുമാവൻ കുടുംബശ്രീ ചെയർപേഴ്സൻ വി.കെ. പുഷ്പ, കമ്യൂണിറ്റി ഫെസിലിറ്റേറർ ഹേമ ട്രീസ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.