വട്ടക്കൊട്ടായിയില്‍ കാട്ടാനയിറങ്ങി വാഴകള്‍ ഒടിച്ചിട്ടനിലയില്‍

വട്ടക്കൊട്ടായിയിൽ കാട്ടാനയിറങ്ങി; നാട്ടുകാർ ഭീതിയിൽ

ആമ്പല്ലൂര്‍: തൃക്കൂര്‍ പഞ്ചായത്തിലെ വട്ടക്കൊട്ടായി ജനവാസമേഖലയില്‍ കാട്ടാനയിറങ്ങിയത് ഭീതി പരത്തി. നിരവധി വീടുകള്‍ക്ക് സമീപമാണ് കഴിഞ്ഞ ദിവസം ഒറ്റയാന്‍ ഇറങ്ങിയത്. ആദ്യമായാണ് ഈ പ്രദേശത്ത് കാട്ടാനയിറങ്ങുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. കൂട്ടം തെറ്റിയ ആന ജനവാസ കേന്ദ്രങ്ങളില്‍ അകപ്പെട്ടതാകാമെന്നാണ് കരുതുന്നത്. തിങ്കളാഴ്ച ഏഴോടെയാണ് കാട്ടാനയെ കണ്ടത്. പറമ്പുകളില്‍ ആനയെ കണ്ട് നാട്ടുകാര്‍ ഓടിമാറി.

ഇടതുകര കനാലിന്റെ മുകളിലുള്ള പറമ്പുകളിലാണ് ആന വിഹരിച്ചത്. ആനയുടെ ചിന്നംവിളി കേട്ട് സമീപത്തെ വീട്ടുകാര്‍ കതകടച്ച് ഇരിക്കുകയായിരുന്നു. രാത്രി പത്തിനും ആന പരിസരത്ത് തമ്പടിച്ചിരുന്നു. കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ ഇടപെട്ടതിനെ തുടര്‍ന്ന് വനപാലകരും പൊലീസും സ്ഥലത്തെത്തി. ഇതിനിടെ നാട്ടുകാര്‍ സംഘടിച്ച് പടക്കംപൊട്ടിച്ചും ഒച്ചവെച്ചും ആനയെ തുരത്താന്‍ ശ്രമം നടത്തി. പാലപ്പിള്ളി റേഞ്ച് ഓഫീസര്‍ പ്രേം ഷമീറിന്റെ നേതൃത്വത്തില്‍ ഫ്‌ളയിങ്‌സ്‌ക്വാഡും നാട്ടുകാരും വരന്തരപ്പിള്ളി പൊലീസും സമീപത്തെ പറമ്പുകളില്‍ തിരച്ചില്‍ നടത്തിയെങ്കിലും ആനയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

രാത്രി വൈകിയും അധികൃതര്‍ പരിശോധന തുടര്‍ന്നു. ആന കാട്ടിലേക്ക് മടങ്ങിയിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് അധികൃതര്‍. അതേസമയം, ആന വീണ്ടും കാടിറങ്ങുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. കാര്‍ഷിക മേഖലയായ പ്രദേശത്ത് കാട്ടാനകള്‍ ഇറങ്ങി കൃഷി നശിപ്പിക്കുമോയെന്ന ഭീതിയും നാട്ടുകാര്‍ക്കുണ്ട്.  മേഖലയില്‍ ഇറങ്ങിയ കാട്ടാന മോഴയാണെന്ന സംശയത്തിലാണ് വനപാലകര്‍. അപകടകാരിയായ മോഴയാണ് പാലപ്പിള്ളി എലിക്കോട് തോട്ടം തൊഴിലാളിയെ കൊലപ്പെടുത്തിയത്. ഈ ആനയാണോ വട്ടക്കൊട്ടായിയിലും എത്തിയതെന്ന് അധികൃതര്‍ പരിശോധിക്കും. ഇതിനായി പരിസരത്തുകണ്ട ആനയുടെ കാല്‍പാടുകളുടെ അളവെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങിയ സാഹചര്യത്തില്‍ രാത്രികാലങ്ങളില്‍ വനപാലകരുടെ പട്രോളിങ് ഏര്‍പ്പെടുത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. 

Tags:    
News Summary - Elephant attack in thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.