ചാവക്കാട്: മന്ദലാംകുന്ന് എ.കെ.ജി റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടിയാരംഭിച്ചു. വ്യാഴാഴ്ച രാത്രി ഒമ്പത് മുതലാണ് വെള്ളക്കെട്ടുള്ള ഭാഗത്ത് മൂന്ന് മോട്ടോർ വെച്ച് കനോലി കനാലിലേക്ക് പമ്പിങ് തുടങ്ങിയത്. ഇതിലൊരെണ്ണം സബ് മെഴ്സിബിൾ മോട്ടോറാണ്. പമ്പിങ് തുടങ്ങിയതോടെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്ന് പ്രദേശവാസി എം.സി. മൊയ്തീൻകോയ പറഞ്ഞു. ഇദ്ദേഹത്തിന്റേത് ഉൾപ്പടെ 30 വീടുകളാണ് വെള്ളത്തിലായത്.
വെള്ളിയാഴ്ച രാത്രി മറ്റൊരു മോട്ടോർ കൂടി പമ്പിങ്ങിന് എത്തിക്കുമെന്ന് കരാർ കമ്പനി പ്രതിനിധികൾ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാതയിൽ നിന്നുള്ള വെള്ളമാണ് മന്ദലാംകുന്ന് എ.കെ.ജി റോഡിലേക്കും സർവിസ് റോഡിലേക്കും ഒഴുകി എത്തുന്നത്. ദേശീയപാതയുടെ ഭാഗമായ കാന നിർമിച്ചതിലെ അപാകതയാണ് ഒരു കിലോമീറ്ററോളം അകലത്തിൽ നിന്നുള്ള മഴവെള്ളം പ്രദേശത്തേക്ക് എത്താൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.
ഇതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച സ്ഥലത്തെത്തിയ ദേശീയപാത കരാർ കമ്പനി പ്രതിനിധികളെ തടയുകയും പുന്നയൂർക്കുളം പഞ്ചായത്ത് അംഗം മൂസ ആലത്തയിൽ ഉൾപ്പടെയുള്ള പ്രദേശവാസികൾ പാതയിൽ ഉപരോധ സമരം ആരംഭിക്കാനും തീരുമാനിച്ചിരുന്നു. വിവരമറിഞ്ഞ് ജില്ല കലക്ടർ പ്രശ്നത്തിൽ ഇടപെടുകയും താലൂക്ക് തഹസിൽദാർ ടി.പി. കിഷോറിനെ ചുമതലപ്പെടുത്തകയും ചെയ്തു. ഇതേ തുടർന്ന് തഹസിൽദാരുടെ നേതൃത്വത്തിൽ റവന്യു ഉദ്യോഗസ്ഥർ വ്യാഴാഴ്ച സ്ഥലത്തെത്തി. നാട്ടുകാരും ദേശീയ പാതയുടെ കരാർ കമ്പനി പ്രതിനിധികളുമായി ചർച്ച നടത്തിയാണ് വെള്ളമടിച്ചു കളയാൻ തീരുമാനിച്ചത്. തുടർന്ന് കാന ശുചീകരണവും ശാശ്വത പരിഹാരത്തിനായി അനുയോജ്യമായ വഴിയിലൂടെ വെള്ളം കനാലി കനാലിലേക്ക് ഒഴുക്കാനുള്ള നടപടിയുണ്ടാകും. ഇക്കാര്യങ്ങൾ തഹസിൽദാറുടെ സാന്നിധ്യത്തിൽ നാട്ടുകാരെ സാക്ഷിയാക്കി കരാർ കമ്പനി പ്രതിനിധിയും പഞ്ചായത്ത്, ദേശീയപാത എർജീനിയർമാരും പ്രത്യേകം രേഖപ്പെടുത്തി ഒപ്പ് വെച്ചിട്ടുണ്ട്.
പാവറട്ടി: 100 ഏക്കർ കൃഷി വെള്ളത്തിൽ മുങ്ങിയതോടെ കർഷകർ ആശങ്കയിൽ. പേനകം കിഴക്ക് പുഞ്ച കോൾപടവിലെ വിരിപ്പു കൃഷിയാണ് വെള്ളത്തിൽ മുങ്ങിയത്. ജ്യോതി നെല്ലാണ് ഇറക്കിയിട്ടുള്ളത്. 70 ദിവസം മൂപ്പെത്തിയിട്ടുണ്ട്. 30 കർഷകരാണ് രണ്ടാംകൃഷിയിറക്കിയത്. മഴ തുടരുകയും വെള്ളം ഒഴിഞ്ഞ് കെട്ടിനിൽക്കുകയും ചെയ്താൽ നെൽചെടികൾ ചീഞ്ഞുപോകും. വെള്ളം ഇടിയഞ്ചിറ, ഏനാമാവ് വഴി കനോലി കനാലിലേക്കും തുടർന്ന് കടലിലേക്കും ഒഴുക്കണം. വെള്ളത്തിന് ഒഴുക്ക് കുറവാണ്. അതേസമയം വടക്കുനിന്ന് പാടേത്തേക്ക് വെള്ളം കുതിച്ചെത്തുകയാണ്. കൃഷിനശിക്കാതിരിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് കൃഷി ഓഫിസറോട് കർഷകർ ആവശ്യപ്പെട്ടു.
കണ്ണാറ: ഒരപ്പൻപാറയിൽ തേക്ക് റോഡിലേക്ക് കടപുഴകി ഗതാഗതം തടസ്സപ്പെട്ടു. വെള്ളിയാഴ്ച രാവിലെയുണ്ടായ കാറ്റിലും മഴയിലുമാണ് മനയ്ക്കാക്കുടി മത്തായിയുടെ വീടിന് എതിർവശത്ത് റോഡരികിലെ തേക്ക് കടപുഴകിയത്. മരം സമീപത്തെ വൈദ്യുതി ലൈനിലും മതിലിലും തട്ടി നിന്നതിനാൽ വീടിന് അപകടമുണ്ടായില്ല. ആ സമയത്ത് വീട്ടുകാർ സ്ഥലത്തുണ്ടായിരുന്നില്ല. റോഡരികിൽ നിൽക്കുന്ന മരങ്ങളുടെ ചുവട്ടിൽ മണ്ണ് ഒലിച്ചുപോയത് കാരണം പലയിടത്തും മരങ്ങൾ ഏതു നിമിഷവും മറിഞ്ഞു വീഴാവുന്ന നിലയിലാണെന്ന് നാട്ടുകാർ പറഞ്ഞു.
മാന്ദാമംഗലം: ചെന്നായ്പ്പാറ അംഗൻവാടിക്ക് സമീപം വലിയ മരം കടപുഴകി വീണ് രണ്ടു വീടുകൾ തകർന്നു. പനഞ്ചോത്ത് രവീന്ദ്രന്റെയും വടക്കേപ്പുറത്ത് മോഹനന്റെയും വീടുകളാണ് തകർന്നത്. ഇതിൽ രവീന്ദ്രന്റെ ഓട് മേഞ്ഞ വീടിന്റെ മേൽക്കൂരയും ഭിത്തികളും തകർന്നിട്ടുണ്ട്. മോഹനന്റെ വീട്ടിലെ കുളിമുറിക്കും വാട്ടർടാങ്കിനുമാണ് കേടുപാട് സംഭവിച്ചത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. രണ്ടു വീടുകളിലും ആളുകളുണ്ടായിരുന്നെങ്കിലും മരം വീഴുന്ന ശബ്ദം കേട്ട് പുറത്തേക്കോടിയതിനാൽ ആളപായമുണ്ടായില്ല.
രവീന്ദ്രന്റെ കുടുംബത്തെ പഞ്ചായത്ത് അധികൃതർ ഇടപെട്ട് മറ്റൊരു വീട്ടിലേക്ക് മാറ്റി. അപകടഭീഷണിയായ ഈ മരം മുറിച്ചു മാറ്റണമെന്ന് മൂന്നു മാസം മുമ്പ് പഞ്ചായത്ത് അധികൃതരെ അറിയിച്ചിരുന്നതാണ്. എന്നാൽ കഴിഞ്ഞ ദിവസമാണ് അധികൃതർ സ്ഥലം സന്ദർശിച്ചത്. അവർ പോയി അധികം കഴിയാതെ മരം കടപുഴകുകയും ചെയ്തു.
എരുമപ്പെട്ടി: പാഴിയോട്ടുമുറി കുടക്കുഴി റോഡിൽ മരം കടപുഴകി വീണ് വൈദ്യുതി തൂണുകൾ തകർന്നു. പാഴിയോട്ടുമുറി ബംഗ്ലാവ് മനപ്പറമ്പിലെ വലിയ മാവാണ് കാറ്റിലും മഴയിലും കടപുഴകിയത്. വെള്ളിയാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. വൈദ്യുതി കമ്പിയിലേക്ക് വീണതിനെത്തുടർന്ന് നാല് വൈദ്യുതി തൂണുകളാണ് പൊട്ടിവീണത്.
കടങ്ങോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. പുരുഷോത്തമൻ, സ്ഥിരംസമിതി ചെയർപേഴ്സൻ രമണി രാജൻ, മെംബർ സി.വി. സുഭാഷ് എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ മരം മുറിച്ചു നീക്കി. വാഹന ഗതാഗതം തടസ്സപ്പെട്ടു.
ഗുരുവായൂർ: മറ്റം പന്നിശേരിയിൽ കുന്നിടിഞ്ഞ് വീട് ഭാഗികമായി തകർന്നു. കുറ്റിയിൽ പാറമേൽ ജ്യോതിഭാസിന്റെ വീടിന്റെ പിൻഭാഗത്തിനാണ് കേടുപാട് സംഭവിച്ചത്. അടുക്കള ചുമരിന് വിള്ളലുണ്ട്. വീടിന് പിന്നിലെ ഷീറ്റ് മേഞ്ഞ ഭാഗത്താണ് മണ്ണിടിഞ്ഞ് വീണത്. ജ്യോതിഭാസും കുടുംബവും വിദേശത്താണ്. പഞ്ചായത്ത് പ്രസിഡന്റ് മിനി ജയന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.