Representational Image

കാടിറങ്ങി കൊമ്പന്മാർ; കുലുക്കമില്ലാതെ അധികൃതർ

ആമ്പല്ലൂര്‍: തോട്ടം തൊഴിലാളികള്‍ തിങ്ങിപ്പാർക്കുന്ന പാഡികള്‍ക്കു സമീപവും ആദിവാസികോളനികള്‍ക്കു സമീപവും കാടിറങ്ങിയ 30 ലേറെ ആനകള്‍ വിഹരിക്കുന്നുണ്ട്.

ഒരു വര്‍ഷമായി മേഖലയില്‍ കാട്ടാനകള്‍ ഭീതിപരത്തിയിട്ടും അധികൃതര്‍ മൗനം പാലിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. മാസങ്ങള്‍ക്ക് മുമ്പ് പാലപ്പിള്ളി സെന്‍ററിൽ കാട്ടാനകൂട്ടം ഇറങ്ങിയതു മുതല്‍ തുടങ്ങിയതാണ് നാട്ടുകാരുടെ ആശങ്ക. അന്നിറങ്ങിയ ആനക്കൂട്ടമാണ് ജനവാസ മേഖലയില്‍ കൃഷി നശിപ്പിച്ചും ആളുകള്‍ക്ക് നേരെ തിരിഞ്ഞും ഭീതി പരത്തുന്നത്.

അറുപത്തിയഞ്ചോളം വീടുകളുള്ള എലിക്കോട് ആദിവാസി കോളനിയിലേക്കുള്ള റോഡില്‍ കാട്ടാനകള്‍ പകല്‍ സമയത്ത് പോലും നിലയുറപ്പിക്കുന്നത് പതിവാണ്.

കുട്ടികളുള്‍പ്പടെയുള്ള കോളനിക്കാര്‍ ഇതുവഴിയാണ് ജീവന്‍ പണയപ്പെടുത്തി യാത്ര ചെയ്യുന്നത്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള തൊട്ടാല്‍ വീഴുന്ന പാഡി മുറികളില്‍ താമസിക്കുന്ന തോട്ടം തൊഴിലാളി കുടുംബങ്ങളും ആന ഭീതിയിലാണ്.

വന്യജീവി ശല്യത്തിനെതിരെ നിരവധി തവണ പരാതി നല്‍കിയിട്ടും വനപാലകര്‍ നടപടിയെടുക്കുന്നില്ലെന്ന് പരക്കെ ആക്ഷേപമുണ്ട്. മലയോര മേഖലകളില്‍ വന്യമൃഗശല്യം രൂക്ഷമായതോടെ അവയെ തുരത്താന്‍ സജ്ജീകരിച്ച പ്രത്യേക സ്‌ക്വാഡിന്‍റെ പ്രവര്‍ത്തനവും നിര്‍ജീവമാണ്. വനപാലകര്‍ കാര്യക്ഷമമായി ഇടപെടാതെ വന്നതോടെ നാട്ടുകാര്‍ തന്നെയാണ് ആനകളെ തുരത്താന്‍ മുന്നിട്ടിറങ്ങുന്നത്.

Tags:    
News Summary - elephants came down to the land and destroyed it

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.