തൃശൂർ: അതിശക്തമായ മഴക്കുള്ള സാധ്യത കണക്കിലെടുത്ത് ജില്ലയിൽ ബുധനാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കലക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു.
വിവിധ നടപടികൾ അടിയന്തരമായി സ്വീകരിക്കുന്നതിന് ഓഫിസ് മേധാവിമാർക്കും, ജീവനക്കാർക്കും നിർദേശം പുറപ്പെടുവിച്ച് ഉത്തരവിറക്കി.
- മണ്ണിടിച്ചിൽ, വെള്ളക്കെട്ട് സാധ്യതയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവരെ മുൻകൂട്ടി മാറ്റി താമസിപ്പിക്കണം
- വെള്ളക്കെട്ട് യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിക്കാൻ ആക്ഷൻ പ്ലാനുകൾ തയാറാക്കി നടപ്പിലാക്കണം
- റോഡ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ വെള്ളക്കെട്ടുകൾ ഒഴിവാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ നടപടി സ്വീകരിക്കണം
- ദുരന്തസാധ്യത മേഖലകളിൽ ഉള്ളവരെ ആവശ്യമെങ്കിൽ മാറ്റി താമസിപ്പിക്കണം
- ശക്തമായ കാറ്റിനുള്ള സാധ്യത മുൻകൂട്ടി കണ്ട് ആവശ്യമായ നടപടികൾ ബന്ധപ്പെട്ട വകുപ്പുകൾ സ്വീകരിക്കണം
- വൈദ്യുത പോസ്റ്റുകളുടെയും ട്രാൻസ്ഫോർമറുകളുടെയും മറ്റും സുരക്ഷ പരിശോധനകൾ കെ.എസ്.ഇ.ബി അടിയന്തരമായി പൂർത്തീകരിക്കണം
- ഗതാഗത നിയന്ത്രണ കാര്യത്തിൽ വകുപ്പുകൾ കൂടിയാലോചിച്ച് വിവരം ജില്ല ദുരന്തനിവാരണ അതോറിറ്റിക്ക് റിപ്പോർട്ട് ചെയ്യണം
- ‘ഓറഞ്ച് ബുക്ക് 2024’ ന് അനുസൃതമായി ജില്ലയിൽ ദുരന്ത പ്രതിരോധ- പ്രതികരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണം
- മുഴുവൻ കൺട്രോൾ റൂമുകളും 24 മണിക്കൂറും പ്രവർത്തിക്കുന്നു എന്ന് ഉറപ്പുവരുത്തണം.
- നദികളിലും, ഡാമുകളിലും, റെഗുലേറ്ററുകളിലും ജലനിരപ്പ് ഉയരുന്നത് സംബന്ധിച്ച് പ്രത്യേകം നിരീക്ഷിക്കണം വേണം
- ഡാമുകളുടെ റൂൾ കർവുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം
- വിനോദ സഞ്ചാരികൾക്ക് ആവശ്യമായ സുരക്ഷ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട വകുപ്പുകൾ ഉറപ്പാക്കണം
നിർദേശങ്ങൾ കർശനമായി നടപ്പാക്കുന്നതിന് ജില്ല പൊലീസ് മേധാവികൾ, സബ് ഡിവിഷനൽ മജിസ്ട്രേറ്റുമാർ, ജില്ല ഫയർ ഓഫിസർ, ഇൻസിഡന്റ് കമാന്റർമാർ കൂടിയായ തഹസിൽദാർമാർ, റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ, ജിയോളജിസ്റ്റ്, ഇറിഗേഷൻ എക്സിക്യൂട്ടിവ് എൻജിനീയർമാർ, കോസ്റ്റൽ പൊലീസ് ഇൻസ്പെക്ടർമാർ, തദ്ദേശ സ്ഥാപന മേധാവികൾ, ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർമാർ ഉൾപ്പെടെയുള്ള എല്ലാ ജില്ല ഓഫിസ് മേധാവികളെയും ചുമതലപ്പെടുത്തി.
നിർദേശങ്ങൾ ലംഘിക്കുന്നവരും ലംഘിക്കുവാൻ പ്രേരിപ്പിക്കുന്നവരും ദുരന്ത നിവാരണ ആക്ട് 2005ലെ ചാപ്റ്റർ 10 പ്രകാരമുള്ള ശിക്ഷ നടപടികൾക്ക് വിധേയരായിരിക്കുമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.