മതിലകം: 'ആരോഗ്യത്തിന് ഹാനികരമെന്ന് പറയുന്ന മദ്യശാലകൾ തുറക്കുകയും ആരോഗ്യം സംരക്ഷിക്കുന്ന ഫിറ്റ്നസ് സെൻററുകൾ ലോക്കിടുകയും ചെയ്യുന്നു'... കോവിഡ് കാലത്ത് നടന്ന തികച്ചും വേറിട്ടൊരു സമരമുഖത്തുനിന്ന് ഉയർന്നു കേട്ട ഒരു പ്രതികരണമാണിത്. ഫിറ്റ്നസ് സെൻററുകൾ ഉടമകളും പരിശീലകരുമായിരുന്നു സമരക്കാർ.
സമരവേദിയായി മാറിയതാകട്ടെ മതിലകം കൂളിമുട്ടം പൊക്കളായിയിലെ ബിവറേജ് ഔട്ട്ലെറ്റിെൻറ മുൻഭാഗവും. വെയിറ്റ് ലിഫ്റ്റിങ് നടത്തിയും, ശരീര സൗന്ദര്യ പ്രദർശനവും, വ്യായാമ മുറകൾ നടത്തിയുമായിരുന്നു സമരം. കൂടെ മാനദണ്ഡങ്ങൾ പാലിച്ച് ഫിറ്റ്നസ് സെൻററുകൾ തുറക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെടുന്ന പോസ്റ്ററുകളും കൈകളിലേന്തിയിരുന്നു. കാഴ്ചക്കാരിൽ കൗതുകം പകരുന്നതായിരുന്നു സമരമെങ്കിലും അത് കോവിഡ് അടച്ചിടലിൽ പ്രയാസങ്ങൾ അനുഭവിക്കുന്ന ഫിറ്റ്നസ് സെൻറർ ഉടമകളുടെയും പരിശീലകരുടെയും സാമ്പത്തികവും മറ്റുമായ വിഷമ സന്ധിയുടെ പ്രതിഫലനം കൂടിയായിരുന്നു.
ലോണെടുത്തും മറ്റു രീതികളിലും സ്വരൂപിച്ച ലക്ഷങ്ങൾ മുടക്കിയാണ് ഓരോ സെൻററുകളും സ്ഥാപിച്ചിരിക്കുന്നത്. പ്രതിസന്ധിയിൽനിന്ന് കരകയറാൻ സർക്കാർ കനിവ് കാട്ടണമെന്നാണ് സമരക്കാരുടെ ആവശ്യം. ശരീര സൗന്ദര്യ മത്സര വിജയികളായ മുഹമ്മദ് അമീർ, മുത്തു, ജിഷ്ണു, ദാജിദ്, ദിൽദാസ്, വിൻസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.