തൃശൂർ: യുനസ്കോയുടെ ലേണിങ് സിറ്റീസ് പട്ടികയിൽ ഉൾപ്പെട്ട തൃശൂരിൽ വിദ്യാഭ്യാസ മേഖലയിലെ സുപ്രധാന വകുപ്പുകൾക്ക് നവീകരിച്ച ഓഫിസ് കെട്ടിടങ്ങളില്ല. ഏറെ വർഷങ്ങളായി കേൾക്കുന്ന റവന്യൂ ജില്ല വിദ്യാഭ്യാസ ഓഫിസ് സമുച്ചയ നിർമാണം ഇപ്പോഴും ചുവപ്പുനാടയിൽ തന്നെയാണ്. അതിനൊപ്പം ഈസ്റ്റ്, വെസ്റ്റ് ഉപജില്ല വിദ്യാഭ്യാസ ഓഫിസുകൾക്കും കെട്ടിടം വേണ്ടതുണ്ട്. വിദ്യാഭ്യാസ ഹബായി അംഗീകരിക്കപ്പെടുന്ന തൃശൂരിന് നാണക്കേടായി മാറുകയാണ് ഈ അവഗണന.
നഗരഹൃദയത്തിൽ പാലസ് റോഡിൽ മോഡൽ ഗേൾസ് സ്കൂളിന് സമീപം പുതിയ വിദ്യാഭ്യാസ സമുച്ചയം വരുമെന്നായിരുന്നു പ്രഖ്യാപനം. കാലപ്പഴക്കംകൊണ്ട് വളരെ ശോച്യാവസ്ഥയിലായിരുന്ന തൃശൂർ ഈസ്റ്റ് എ.ഇ.ഒ ഓഫിസ്, ഡി.ഇ.ഒ ഓഫിസ് എന്നിവ പ്രവർത്തിച്ചിരുന്ന കെട്ടിടം പൊളിച്ചുമാറ്റി. അവിടെ പുതിയ ഡി.ഇ.ഒ, ഡി.ഡി.ഇ, ഈസ്റ്റ് -വെസ്റ്റ് ഉപജില്ല ഓഫിസുകൾക്കായ് പുതിയ കെട്ടിട സമുച്ചയം നിർമിക്കാനായിരുന്നു തീരുമാനം. ഇതിനായി മുൻ കൃഷിമന്ത്രി സുനിൽകുമാറിന്റെ ആസ്തി വികസന ഫണ്ടിൽനിന്ന് അദ്യഘട്ടമായി അഞ്ചുകോടി രൂപ അനുവദിച്ചിരുന്നു. പിന്നീട് കൂടുതൽ തുക വകയിരുത്തി.
സാങ്കേതിക പ്രശ്നങ്ങളെല്ലാം മറികടന്നിരുന്നുവെങ്കിലും ഒന്നാം പിണറായി മന്ത്രിസഭയുടെ കാലാവധി കഴിഞ്ഞതോടെ ചില രാഷ്ട്രീയ തർക്കങ്ങൾമൂലം പദ്ധതി എങ്ങും എത്താതെ പോയി. ഇന്ന് ഇവിടം കാടുപിടിച്ച് സാമൂഹിക വിരുദ്ധരുടെ താവളമായിരിക്കുകയാണ്. ഇതിനിടെ ഈസ്റ്റ് എ.ഇ.ഒ ഓഫിസ് പ്രവർത്തിച്ചിരുന്ന കെട്ടിടം കാലപ്പഴക്കത്താൽ കഴിഞ്ഞ വർഷം മഴയിൽ വീണു. നിലവിൽ ഈസ്റ്റ് ഉപജില്ല ഓഫിസ് പ്രവർത്തന പരിധിക്ക് പുറത്തുള്ള അയ്യന്തോൾ കലക്ടറേറ്റിലാണുള്ളത്. ജില്ല ഓഫിസുകൾ മാത്രം പ്രവർത്തിക്കുന്ന കലക്ടറേറ്റിൽനിന്ന് ഒഴിവായി കൊടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണയാണ് കലക്ടർ കത്ത് നൽകിയത്. പുതിയ ഇടം കണ്ടെത്താത്തതിനാൽ എങ്ങോട്ടും മാറാനാവാതെ കലക്ടറേറ്റിലെ ഒന്നാം നിലയിലെ കുടുസ്സുമുറിയിൽ തങ്ങുകയാണ് ജീവനക്കാർ. അതേസമയം, ഡി.ഇ.ഒ ഓഫിസ് മോഡൽ ബോയ്സ് സ്കൂളിന് പിറകു വശത്തുള്ള കെട്ടിടത്തിലാണ് സ്ഥിതി ചെയ്യുന്നത്. എസ്.എസ്.എൽ. സി ചോദ്യപേപ്പറുകൾ തരംതിരിക്കേണ്ട പ്രധാന ചുമതല വഹിക്കുന്ന ഡി.ഇ.ഒ ഓഫിസ് ഒട്ടും സുരക്ഷിതമല്ലാത്ത സ്ഥലത്താണ് നിലവിൽ പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.