തൃശൂർ: സി.പി.എം ജില്ല സമ്മേളന നഗരിയിലെ വേറിട്ട കാഴ്ചയായി 'സൈക്കിൾ പ്രതിനിധി'. മന്ത്രിമാരുടെയും സംസ്ഥാന സെക്രട്ടറിയുടെയും ജില്ല സെക്രട്ടറിയുടെയും വി.ഐ.പി വാഹനങ്ങൾക്കും പ്രതിനിധികളിൽ പലരുമെത്തിയ ആർഭാട വാഹനങ്ങൾക്കുമിടയിൽ പ്രധാന പ്രതിനിധിയെത്തിയ സൈക്കിളും ഇടംപിടിച്ചു. മുൻ മന്ത്രിയും ജില്ല കമ്മിറ്റി അംഗവുമായ സി. രവീന്ദ്രനാഥാണ് സൈക്കിളിൽ സമ്മേളനത്തിന് എത്തിയത്. രാവിലെ പടിഞ്ഞാറെകോട്ടയിലെ വീട്ടിൽനിന്നും കൃത്യസമയത്തുതന്നെ സമ്മേളന നഗരിയിലെത്തിയ മാഷ് വൈകീട്ട് ഒമ്പതരയോടെ മടങ്ങിയതും സ്വന്തം സൈക്കിളിൽ തന്നെ.
വാഹനങ്ങൾക്കരികിൽ ഒഴിഞ്ഞുമാറി ഒരു സൈക്കിൾ ഇരിക്കുന്നത് ശ്രദ്ധയിൽപെട്ടെങ്കിലും ആരും ഗൗരവത്തിലെടുത്തില്ല സമ്മേളനത്തിന്റെ ആദ്യ നാളിൽ രാത്രിയിൽ മാഷ് വീട്ടിലേക്ക് മടങ്ങാൻ നേരത്ത് സൈക്കിൾ എടുത്തപ്പോഴാണ് സൈക്കിളുടമയെ മനസ്സിലായത്. അടുത്തെത്തിയവരോട് കുശലം പറഞ്ഞും സൗഹൃദം പറഞ്ഞും യാത്ര പറഞ്ഞു. ശനിയാഴ്ചയും സൈക്കിളിൽ തന്നെയാണ് സമ്മേളന നഗരിയിലെത്തിയത്. സമ്മേളനം നിയന്ത്രിക്കുന്ന പ്രസീഡിയം കമ്മിറ്റിയിലെ അംഗമായിരുന്നു രവീന്ദ്രനാഥ്. അധ്യാപകനായിരുന്നപ്പോഴും സൈക്കിളിലാണ് യാത്ര ചെയ്തിരുന്നത്.
മന്ത്രിയായിരിക്കെ മാത്രമാണ് രവീന്ദ്രനാഥ് കാറിൽ യാത്ര ചെയ്തത്. മന്ത്രി പദവി ഒഴിയുന്ന ആ ആഴ്ചയിൽ തന്നെ പാർട്ടി നേതാക്കളെ ബന്ധപ്പെട്ട് തനിക്ക് കുറഞ്ഞ വിലയിൽ ഒരു സൈക്കിൾ സംഘടിപ്പിച്ച് തരാൻ ആവശ്യപ്പെട്ടിരുന്നു. കാലാവധി കഴിഞ്ഞ അന്നുതന്നെ ഔദ്യോഗിക വാഹനത്തിൽനിന്നുമിറങ്ങി യാത്ര സൈക്കിളിലാക്കി. പാർട്ടി ചുമതലപ്പെടുത്തിയ സമ്മേളനങ്ങളിലും സമരങ്ങളിലുമടക്കം മാഷ് എത്തിയത് സൈക്കിളിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.