തൃശൂർ: അർധരാത്രി ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് നാശനഷ്ടം ഉണ്ടായതിനെത്തുടർന്ന് ഫയൽ ചെയ്ത ഹരജിയിൽ പരാതിക്കാരന് അനുകൂല വിധി. അരണാട്ടുകര സ്വദേശിനി പൊന്മാണി വീട്ടിൽ മേരി ഫ്രാൻസിസും മകൻ ജെറി ഫ്രാൻസിസും ഫയൽ ചെയ്ത ഹരജിയിൽ തൃശൂരിലെ സൈനിക് ഗ്യാസ് സർവിസ് ഉടമക്കും എറണാകുളത്തെ ഇന്ത്യൻ ഓയിൽ കോർപറേഷൻ റീജനൽ മാനേജർക്കും എതിരെയാണ് തൃശൂർ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിന്റെ വിധി.
ഹരജിക്കാർ വീട്ടിലെ വർക്ക് ഏരിയയിൽ സൂക്ഷിച്ച സീൽ പൊട്ടിക്കാത്ത ഗ്യാസ് സിലിണ്ടർ അർധരാത്രിയോടെ വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. വീടിനും ചുറ്റുമുള്ള വീടുകൾക്കും കേടുപാട് സംഭവിച്ചു. അഗ്നിരക്ഷ സേന എത്തിയാണ് കാര്യങ്ങൾ നിയന്ത്രിച്ചത്. ബാഹ്യമായ തീപിടിത്തം ഇല്ലാതെയാണ് സിലിണ്ടർ പൊട്ടിത്തെറിച്ചത്.
എതിർകക്ഷികളുടെ പ്രതിനിധികൾ സിലിണ്ടറിന്റെ ഭാഗങ്ങൾ പരിശോധനക്കെന്ന് പറഞ്ഞ് കൊണ്ടുപോവുകയും യഥാസമയം തിരിച്ചുനൽകാതെ തുടർന്ന് ഹരജിക്കാർ ആവശ്യപ്പെട്ടതനുസരിച്ച് മാത്രം തിരിച്ച് നൽകുകയുമായിരുന്നു. എതിർകക്ഷികളുടെ ഭാഗത്തുനിന്ന് പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഹരജി ഫയൽ ചെയ്തത്. പരാതിക്കാരുടെ വീഴ്ചകൊണ്ടല്ല സിലിണ്ടർ പൊട്ടിത്തെറിച്ചതെന്ന് ഫോറം വിലയിരുത്തി.
തെളിവുകൾ പരിഗണിച്ച പ്രസിഡന്റ് സി.ടി. സാബു, മെംബർ എസ്. ശ്രീജ എന്നിവരടങ്ങിയ ഫോറം പരാതിക്കാരുടെ കെട്ടിടത്തിനുണ്ടായ നാശങ്ങൾക്ക് പരിഹാരമായി 3.45 ലക്ഷം രൂപയും അനുബന്ധ വസ്തുക്കൾക്ക് വന്ന നഷ്ടങ്ങൾക്ക് പരിഹാരമായി 90,000 രൂപയും നൽകാൻ ഇന്ത്യൻ ഓയിൽ കോർപറേഷനോട് ഉത്തരവിട്ടു. ചെലവിലേക്ക് രണ്ട് എതിർകക്ഷികളും 2,000 രൂപ വീതം നൽകാനും വിധിച്ചു. പരാതിക്കാർക്ക് വേണ്ടി അഡ്വ. എ.ഡി. ബെന്നി ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.