തൃശൂർ: സാധാരണക്കാർ നൽകുന്ന പരാതികളിൽ കാലതാമസം കൂടാതെ അർഹമായ പരിഹാരം കണ്ടെത്താൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. ചാവക്കാട് താലൂക്കിൽ റേഷൻ കാർഡ് പുതുക്കി നൽകിയപ്പോൾ പൊതുവിഭാഗം കാർഡാണ് ലഭിച്ചതെന്നും 2016 മുതൽ മുൻഗണന റേഷൻ കാർഡ് കിട്ടാൻ ഓഫിസുകൾ കയറിയിറങ്ങുകയാണെന്നും കാണിച്ച് ലഭിച്ച പരാതിയിലാണ് കമീഷൻ അംഗം വി.കെ. ബീനാകുമാരിയുടെ ഉത്തരവ്.
എങ്ങണ്ടിയൂർ പള്ളിക്കടവ് റോഡ് ചുള്ളിപ്പറമ്പിൽ വീട്ടിൽ സുനിൽകുമാറാണ് പരാതിക്കാരൻ. ജില്ല സപ്ലൈ ഓഫിസറിൽനിന്ന് കമീഷൻ റിപ്പോർട്ട് വാങ്ങിയിരുന്നു. റേഷൻ കാർഡ് മുൻഗണന വിഭാഗത്തിലേക്ക് മാറ്റാൻ ശ്രമിച്ചപ്പോൾ ചെറുമകളുടെ ആധാർ നമ്പർ കിട്ടിയില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
ആധാർ നമ്പർ നൽകാൻ പരാതിക്കാരനോട് ഫോണിൽ ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. ആധാർ നമ്പറില്ലാതെ റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പൊതുവിതരണ വകുപ്പ് കമീഷണറുടെ പ്രത്യേക അനുമതി വാങ്ങി ആധാർ നമ്പറില്ലാതെ മുൻഗണന വിഭാഗത്തിലേക്ക് മാറ്റിയതായി ഓഫിസർ കമീഷനെ അറിയിച്ചു.
മനുഷ്യാവകാശ കമീഷൻ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കാർഡ് മാറ്റി നൽകിയത്. എന്നാൽ, കാർഡ് ലഭിക്കാൻ അഞ്ച് വർഷത്തിലധികം സമയമെടുത്തതായി പരാതിക്കാരൻ കമീഷനെ അറിയിച്ചു. ഇത്തരം വീഴ്ചകൾ ഉദ്യോഗസ്ഥർ ആവർത്തിക്കരുതെന്ന് കമീഷൻ നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.