ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര പരിസരത്തെ സാമൂതിരി കോവിലകം പറമ്പിൽനിന്നും മൂന്ന് കിലോമീറ്റർ മാറിയുള്ള പുന്നത്തൂർ കോവിലകം പറമ്പിലേക്ക് ആനത്താവളം മാറ്റിയതിന് ബുധനാഴ്ച 49 വയസ്സ്. ഗുരുവായൂർ കേശവനടക്കമുള്ള ആനകൾ ഘോഷയാത്രയായെത്തിയാണ് ഗൃഹപ്രവേശം അന്ന് കെങ്കേമമാക്കിയത്. ആനകളുടെ എണ്ണം 25 കടന്നപ്പോഴാണ് പുതിയ ഇടം ദേവസ്വം അന്വേഷിച്ചത്.
പുന്നത്തൂർ രാജകുടുംബം വക ഒമ്പത് ഏക്കർ 75 സെന്റ് സ്ഥലവും കോവിലകവും 1,60,000 രൂപക്ക് വാങ്ങിയാണ് ആനത്താവളം അങ്ങോട്ട് മാറ്റിയതെന്ന് ക്ഷേത്രം ചരിത്രകാരനായ ആർ. പരമേശ്വരൻ പറഞ്ഞു. പിന്നീട് തൊട്ടടുത്ത കുറച്ചുകൂടി സ്ഥലങ്ങൾ ദേവസ്വം ഏറ്റെടുത്തു. ആദ്യം വന്ന ആനകളിൽ നന്ദിനി, ദേവി, രാധാകൃഷ്ണൻ എന്നിവ ഇപ്പോഴും ആനത്താവളത്തിലുണ്ട്. ഒരുഘട്ടത്തിൽ ആനകളുടെ എണ്ണം 66 വരെ എത്തിയിരുന്നു. ഇപ്പോൾ എണ്ണം 38 ആണ്.
ആനകളുടെ ഗൃഹപ്രവേശ വാർഷികം ആനത്താവളത്തിൽ സേവനം ചെയ്ത് വിരമിച്ച ജീവനക്കാരുടെ നേതൃത്വത്തിൽ ആഘോഷിക്കുന്നുണ്ട്. ബുധനാഴ്ച വൈകീട്ട് മൂന്നിന് വിശേഷാൽ ആനയൂട്ട് നടക്കും. ഈ വർഷം വിരമിക്കുന്ന പാപ്പാൻ ഇ. രാഘവൻ, വനിത അസി. മാനേജർ ബീന എന്നിവരെ ആദരിക്കുകയും ചെയ്യുമെന്ന് കൺവീനർ സി.വി. വിജയൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.