ഗുരുവായൂർ: വോട്ടർമാരുടെ എണ്ണം പരിഗണിക്കാതെ വാസഗൃഹങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ള വാർഡ് വിഭജനം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ തെരഞ്ഞെടുപ്പ് കമീഷന്റെ ശ്രദ്ധയിൽപ്പെടുത്തിയെന്ന് നഗരസഭാധ്യക്ഷൻ എം. കൃഷ്ണദാസ്. ഇത് സംബന്ധിച്ച് ‘മാധ്യമം’നൽകിയ ‘ജനപ്രതിനിധികൾക്ക് പകരം കെട്ടിട പ്രതിനിധികളാകുമോ’എന്ന വാർത്ത അടിസ്ഥാന പ്രശ്നങ്ങൾ മുൻനിർത്തിയുള്ളതാണെന്ന് ചെയർമാൻ പറഞ്ഞു.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.എസ്. മനോജാണ് മാധ്യമം വാർത്ത ഉദ്ധരിച്ച് പ്രശ്നം ഉന്നയിച്ചത്. വാർഡ് വിഭജനത്തിലെ ഗുരുതര പ്രശ്നങ്ങളാണ് വാർത്തയിലൂടെ ഉന്നയിക്കപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് കമീഷന്റെ മാനദണ്ഡങ്ങൾ മാറ്റാനാകുമോയെന്ന് പ്രതിപക്ഷ നേതാവ് കെ.പി. ഉദയൻ ചോദിച്ചു. ഗുരുവായൂരിലെ സാഹചര്യങ്ങൾ കമീഷന്റെ ശ്രദ്ധയിൽ പെടുത്തിയെന്ന് ചെയർമാൻ പറഞ്ഞു. വാർഡുകളുടെ എണ്ണം നിശ്ചയിക്കുന്നതിന് ജനങ്ങളുടെ എണ്ണവും വാർഡുകളുടെ അതിർത്തി നിശ്ചയിക്കുന്നതിന് വാസഗൃഹങ്ങളുടെ എണ്ണവും മാനദണ്ഡമാക്കിയതാണ് ഗുരുവായൂരിലെ പ്രശ്നങ്ങൾക്ക് കാരണം. നഗരസഭയിൽ നിലവിലെ 43 വാർഡ് 46 ആയാണ് മാറുന്നത്.
നൂറുകണക്കിന് ഫ്ലാറ്റുകളുള്ള നഗര പ്രദേശത്താണ് നാല് വാർഡ് വർധിക്കുന്നത്. പഴയ തൈക്കാട് പഞ്ചായത്ത് മേഖലയിൽ ഒരു വാർഡ് കുറയും. ദർശനത്തിനെത്തുമ്പോൾ താമസിക്കാൻ മാത്രമായാണ് പലരും ഗുരുവായൂരിൽ ഫ്ലാറ്റ് സ്വന്തമാക്കിയിട്ടുള്ളത്. ഭൂരിഭാഗം പേരും മറ്റ് സ്ഥലങ്ങളിൽ സ്ഥിരതാമസക്കാരാണ്. ഈ സവിശേഷത ക്ഷേത്ര നഗരിയെന്ന നിലയിൽ ഗുരുവായൂരിൽ മാത്രമുള്ളതാണ്. ഇപ്പോഴത്തെ മാനദണ്ഡം അനുസരിച്ച് വിഭജനം നടന്നാൽ 500ൽ താഴെ വോട്ടർമാർ മാത്രമുള്ള വാർഡുകളാണ് ഫ്ലാറ്റുകൾ ഏറെയുള്ള നഗരമേഖലയിൽ ഉണ്ടാവുക.
എന്നാൽ മറ്റ് പല വാർഡുകളിലും 2000 ൽ കൂടുതലാണ് വോട്ടർമാർ. വികസനത്തിനുള്ള വാർഡ് വിഹിതത്തിൻ ഇത് അസന്തുലിതാവസ്ഥ സൃഷ്ടിക്കും. ചെറുവാർഡുകളെ പ്രതിനിധീകരിക്കുന്ന കൗൺസിലർമാർ എണ്ണത്തിൽ കൂടുതലാകുന്നത് ജനപ്രാതിനിധ്യത്തിന്റെ അടിസ്ഥാനത്തെ തകർക്കുകയും ചെയ്യും.
ഭൂരിപക്ഷം വരുന്ന വോട്ടർമാരെ പ്രതിനിധീകരിക്കുന്നവരുടെ ശബ്ദം അവഗണിക്കപ്പെടാനും നഗരഹൃദയത്തെ പ്രതിനിധീകരിക്കുന്നവരുടെ താത്പര്യങ്ങൾ അടിച്ചേൽപ്പിക്കപ്പെടാനും സാധ്യതയുണ്ട്. നിലവിലെ പ്രാതിനിധ്യത്തിൽ കുറവ് വരുന്ന തൈക്കാട് മേഖലയിലും പ്രതിഷേധം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.