ഗുരുവായൂര്‍: പുലര്‍ച്ചെ കട തുറക്കാന്‍ പോയ 64കാരിയെ ആക്രമിച്ച് രണ്ടു പവന്റെ മാല കവര്‍ന്നു. പടിഞ്ഞാറേനടയിലെ അനുപമ സ്റ്റോഴ്സ് ഉടമ പേരകം സ്വദേശി കണിച്ചിയില്‍ രവീന്ദ്രന്റെ ഭാര്യ രത്നവല്ലിയുടെ താലിമാലയാണ് കവര്‍ന്നത്. മോഷണ ശ്രമം ചെറുക്കുന്നതിനിടെ വീണ് പരിക്കേറ്റ ഇവരുടെ തലയിൽ ആറു തുന്നൽ വേണ്ടിവന്നു.
വ്യാഴാഴ്ച പുലര്‍ച്ച 3.50 ന് ഗാന്ധിനഗറിൽ നഗരസഭയുടെ മിനി മാര്‍ക്കറ്റിനു മുന്നിലാണ് സംഭവം. ഭര്‍ത്താവ് അസുഖ ബാധിതനായതിനാൽ രത്നവല്ലിയാണ് പുലര്‍ച്ചെ കട തുറക്കാറുള്ളത്. പേരകത്തെ വീട്ടില്‍ നിന്ന് ഓട്ടോറിക്ഷയിലാണ് വന്നതെങ്കിലും ഡ്രൈവര്‍ക്ക് സുഖമില്ലാതിരുന്നതിനെ തുടര്‍ന്ന് മുതുവട്ടൂരിന് സമീപം ഇറക്കി തിരിച്ചുപോയി.
തുടർന്ന് നടന്ന് കടയിലേക്ക് പോകവേ മിനി മാര്‍ക്കറ്റിന് സമീപം കാവി മുണ്ടും ഷാളും പുതച്ചെത്തിയ ആള് ആക്രമിക്കുകയായിരുന്നു. കുതറി മാറാന്‍ ശ്രമിക്കവേ മോഷ്ടാവ് രത്നവല്ലിയെ റോഡിലേക്ക് തള്ളിയിട്ടു. തുടര്‍ന്ന് മാല പൊട്ടിച്ച് ഓടി രക്ഷപ്പെട്ടു. മോഷ്ടാവിന്റെ കാലില്‍ പിടിച്ചു വലിച്ചെങ്കിലും അയാള്‍ രക്ഷപ്പെട്ടതായി രത്നവല്ലി പറഞ്ഞു.
ചോരയൊലിക്കുന്ന തലയുമായി രത്നവല്ലി കരഞ്ഞു വിളിച്ചിട്ടും അതുവഴി കടന്ന് പോയവരാരും സഹായിച്ചില്ല. ഫോണ്‍ ചെയ്ത് അറിയിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ നിന്ന് മരുമകള്‍ എത്തിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. തലയിൽ ആറു തുന്നലിട്ട ശേഷം ഇവർ വീട്ടിലേക്ക് മടങ്ങി. ടെമ്പിള്‍ പൊലീസ് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.