ഗുരുവായൂര്‍: യു.ഡി.എഫ് ഭരണത്തിലും എൽ.ഡി.എഫ് ഭരണത്തിലും നഗരസഭ അധ്യക്ഷയായ വ്യക്തി സ്വതന്ത്രയായി മത്സരിക്കുന്നു. എൽ.ഡി.എഫ് ചെയർമാനായിരുന്നയാൾ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്നു. നഗരസഭയിൽ മത്സരിക്കുന്ന മുൻ ചെയർമാന്മാരെ നോക്കുമ്പോൾ ആർക്കും ഒന്ന് കൺഫ്യൂഷനാകും. നാല് മുൻ ചെയർമാന്മാരാണ് ഇത്തവണ മത്സര രംഗത്തുള്ളത്. നഗരസഭയുടെ പ്രഥമ അധ്യക്ഷയായിരുന്ന പ്രഫ. പി.കെ. ശാന്തകുമാരി വാർഡ് 16ൽ സ്വതന്ത്രയായാണ് മത്സരിക്കുന്നത്.
1995ൽ യു.ഡി.എഫ് ഭരണത്തിലും 2015ൽ എൽ.ഡി.എഫ് ഭരണത്തിലും ഇവർ നഗരസഭാധ്യക്ഷയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിത്വം നിഷേധിച്ചതിനെ തുടർന്ന് സ്വതന്ത്രയായി മത്സരിച്ച് വിജയിക്കുകയായിരുന്നു. പിന്നീട് എൽ.ഡി.എഫ് പിന്തുണയിൽ നഗരസഭാധ്യക്ഷയായി. സ്വതന്ത്രയായി തന്നെയാണ് ഇത്തവണയും പഴയ വാർഡിൽ തന്നെ മത്സരം.
എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർഥികളും അവിടെയുണ്ട്. 2005ൽ എൽ.ഡി.എഫ് ഭരണത്തിൽ നഗരസഭാധ്യക്ഷയായിട്ടുള്ള മേഴ്സി ജോയ് യു.ഡി.എഫ് സ്ഥാനാർഥിയായി വാർഡ് 29ൽ മത്സരിക്കുന്നു. കോൺഗ്രസ് വിമതർ ചേർന്ന് രൂപവത്കരിച്ച സ്വതന്ത്രമുന്നണിയുടെ പ്രതിനിധിയായാണ് നഗരസഭയുടെ രണ്ടാം കൗൺസിലിൽ ഇവർ ഒരു വർഷത്തോളം അധ്യക്ഷയായത്. 2005ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുകയും ചെയ്തു. പിന്നീട് എൽ.ഡി.എഫ് സഹകരണം ഉപേക്ഷിച്ച് കോൺഗ്രസിൽ തിരിച്ചെത്തി.
കോൺഗ്രസിലെത്തിയ ശേഷമുള്ള ആദ്യ മത്സരമാണ്. 2005 മുതൽ 2009വരെ അധ്യക്ഷനായിരുന്ന എം. കൃഷ്ണദാസ് വാർഡ് 17ൽ മത്സരിക്കുന്നുണ്ട്. 2014-15 കാലയളവിൽ ചെയർമാനായിരുന്ന പി.എസ്. ജയൻ വാർഡ് 10ൽ മത്സരിക്കുന്നു. മത്സരിക്കുന്ന നാല് പേരും ഒരോ തവണ പരാജയം രുചിച്ചവരാണെന്ന പ്രത്യേകതയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.