ഗുരുവായൂർ: അഴുക്കുചാൽ പദ്ധതി വന്നതോടെ ഗുരുവായൂരിൽ കാനയിലൂടെയും റോഡിലൂടെയും മാലിന്യമൊഴുകുന്ന സ്ഥിതി. അഴുക്കുചാൽ പദ്ധതിയുടെ പൈപ്പ് പൊട്ടിയും മാൻഹോൾ കവിഞ്ഞ് പുറത്തേക്കൊഴുകിയുമാണ് ശുചിമുറി മാലിന്യം നിരത്തിലെത്തുന്നത്. നേരത്തേ പഞ്ചാരമുക്കിൽ പൈപ്പ് പൊട്ടിയാണ് ദുർഗന്ധം വമിക്കുന്ന മാലിന്യം റോഡിലേക്കൊഴുകിയത്. ശനിയാഴ്ച വൈകീട്ട് ഇന്നർ റിങ് റോഡിൽ ക്ഷേത്രം തന്ത്രി താമസിക്കുന്ന വീടിന് സമീപമാണ് മാൻഹോൾ കവിഞ്ഞ് ശുചിമുറി മാലിന്യം റോഡിലൊഴുകിയത്. ഞായറാഴ്ച രാത്രിവരെയും പ്രശ്നം പരിഹരിക്കാനായിട്ടില്ല.
മാൻഹോളിന് ചോർച്ചയുണ്ടായി വെള്ളം കയറിയതോടെയാണ് റോഡിലേക്ക് മാലിന്യം ഒഴുകിയത്. ഭക്തരുടെ തിരക്കുള്ള ദിവസമായ ഞായറാഴ്ച റോഡ് അടച്ചിട്ടാണ് മാൻഹോളിന്റെ തകരാർ പരിഹരിക്കാൻ ശ്രമം നടത്തിയത്. മാൻഹോളുകളുടെ നിർമാണം അശാസ്ത്രീയമാണെന്ന് നേരത്തേതന്നെ ആക്ഷേപമുണ്ടായിരുന്നു. അതെല്ലാം പരിഹരിച്ചുവെന്നവകാശപ്പെട്ടാണ് മൂന്നുമാസം മുമ്പ് പദ്ധതി കമീഷൻ ചെയ്തത്. ഗുരുവായൂരിലെ സ്ഥാപനങ്ങൾ പൈപ്പ് വഴി ചക്കംകണ്ടത്തെത്തിച്ച് സംസ്കരിക്കുന്നതാണ് അഴുക്കുചാൽ പദ്ധതി. 22 കോടിയോളം ചെലവിട്ട പദ്ധതിയിൽ നഗരസഭയുടെ സ്ഥാപനങ്ങളക്കം 15ഓളം സ്ഥാപനങ്ങൾ മാത്രമാണ് കണക്ഷനെടുത്തത്.
പലരും പഴയ രീതിയിൽതന്നെ കാനയിലേക്ക് മാലിന്യം ഒഴുക്കിവിടുന്നുണ്ട്. 30 ലക്ഷം ലിറ്റര്‍ മാലിന്യം സംസ്കരിക്കാന്‍ ശേഷിയുള്ള ചക്കംകണ്ടത്തെ പ്ലാന്റിലേക്ക് ഇപ്പോള്‍ എത്തുന്നത് അഞ്ചു ലക്ഷം ലിറ്ററില്‍ താഴെ മാത്രം മാലിന്യമാണ്. ലക്ഷ്യമിട്ട അളവ് മാലിന്യം എത്തിത്തുടങ്ങിയാൽ എവിടെയെല്ലാം പൈപ്പ് പൊട്ടുമെന്നും മാൻഹോൾ ചോരുമെന്നുമാണ് ജനത്തിന് ആശങ്ക. മൂന്ന് മാസത്തിനിടെ എട്ടിടത്ത് പൈപ്പ് പൊട്ടി മാലിന്യം പുറത്തേക്കൊഴുകിയിരുന്നു. അശാസ്ത്രീയമായി നിർമിച്ച മാൻഹോളുകളും ആശങ്കയാണ്.
വൈദ്യുതി നിരക്ക്, തൊഴിലാളികളുടെ ശമ്പളം, അറ്റകുറ്റപ്പണി, സംസ്കരണ പ്രക്രിയയുടെ ചെലവ് എന്നിവ വെച്ചു നോക്കുമ്പോള്‍ വരുമാനം ഒന്നുമില്ലാത്ത അവസ്ഥയാണെന്ന് ജല അതോറിറ്റി അധികൃതരും പറയുന്നു. 40 വർഷത്തിലധികം കാലം കൊണ്ടാണ് പദ്ധതി പൂർത്തിയായത്. പൈപ്പിടലിനായി 10 വർഷത്തോളം നഗരത്തിൽ പലയിടത്തായി റോഡുകൾ പൊളിഞ്ഞുകിടന്നു.
പൈപ്പ് പൊട്ടലുകൾ ഒഴിവാക്കാൻ പതിറ്റാണ്ടുകൾക്ക് മുമ്പ് സ്ഥാപിച്ച 1800 മീറ്റര്‍ നീളത്തിലുള്ള പൈപ്പുകൾ മാറ്റിസ്ഥാപിക്കാൻ രണ്ട് കോടി രൂപ സംസ്ഥാന സർക്കാർ അനുവദിക്കണമെന്ന് എൻ.കെ. അക്ബർ എം.എൽ.എ നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന് പുറമെയാണ് അടുത്തിടെ പരിശോധന നടത്തി തൃപ്തികരമെന്ന് വിധിയെഴുതിയ മാൻഹോളുകളും ചോരാൻ തുടങ്ങിയത്. മാൻഹോളിൽ നിന്ന് മാലിന്യം ഒഴുകിയതിനെ തുടർന്ന് കൗൺസിലർ ശോഭ ഹരിനാരായണൻ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.