ഗുരുവായൂർ: പരിക്കേറ്റുകിടന്ന മൈനയെ കോട്ടപ്പടി അങ്ങാടിയിൽ റേഷൻ കടക്ക് സമീപം റോഡിൽ കണ്ടപ്പോൾ തിരിഞ്ഞുനോക്കാൻ ആരുമുണ്ടായില്ല; ആറാം ക്ലാസുകാരൻ ആദിദേവ് ദത്തനൊഴികെ.
ഗുരുവായൂർ നഗരസഭയിലെ പൂക്കോട് കൃഷി ഓഫിസറായ കെ. ഗംഗാദത്തനോടൊപ്പം സ്കൂട്ടറിന്‍റെ പിറകിലിരുന്ന് പോകുമ്പോഴാണ് ആദിദേവ് കോട്ടപ്പടി അങ്ങാടിയിലെ റേഷൻ കടക്ക് സമീപം പരിക്കേറ്റ് റോഡിന്‍റെ മധ്യത്തിൽ കിടന്ന മൈനയെ കണ്ടത്. കൃഷി ഓഫിസുമായി ബന്ധപ്പെട്ടുള്ള പരിസ്ഥിതി ദിനാചരണ ചടങ്ങിന് ഞായറാഴ്ച രാവിലെ പോകുമ്പോഴാണ് ഗംഗാദത്തൻ മകനെ കൂടെ കൂട്ടിയിരുന്നത്.
പരിക്കേറ്റ് റോഡിൽ പിടയുന്ന ആ കുഞ്ഞു പക്ഷിയെ അവഗണിച്ച് കടന്നുപോകാൻ ആദിദേവിനായില്ല. അച്ഛനോടൊപ്പം ചെന്ന് അവൻ മൈനയെ കൈയിലെടുത്ത് പരിചരിച്ചു. വെറ്ററിനറി ഡേക്ടറുടെ സേവനത്തിനായി ശ്രമം നടത്തിയെങ്കിലും ഞായറാഴ്ചയായതിനാൽ കഴിഞ്ഞില്ല. പിന്നെ, ആദിദേവും അച്ഛനും ചേർന്നായി പരിചരണം. വെള്ളം കൊടുക്കലും സ്നേഹപൂർവമായ തലോടലുമൊക്കെയായപ്പോൾ മൈന കുറച്ച് ഉഷാറിലായി. പിന്നെ, പതുക്കെ നടക്കാനും പറക്കാനുമൊക്കെ തുടങ്ങി. ഒറ്റക്ക് കുഴപ്പില്ലാതെ പറക്കാമെന്ന അവസ്ഥയായപ്പോൾ ആദിദേവ് മൈനയെ പറത്തിവിട്ടു. ആദിദേവും അവഗണിച്ച് കടന്നുപോയിരുന്നെങ്കിൽ പരിസ്ഥിതി ദിനത്തിൽ ഏതെങ്കിലും വാഹനത്തിനടിയിൽപെട്ട് ജീവൻ പൊലിയാനാകുമായിരുന്നു ഈ പാവം പക്ഷിയുടെ വിധി. പാലയൂർ സെൻറ് ഫ്രാൻസിസ് സ്കൂളിലെ വിദ്യാർഥിയാണ് ആദിദേവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.