ഗുരുവായൂര്‍: രാഗതാളലയവും ആലാപനശുദ്ധിയും ഇഴചേര്‍ത്ത ശുദ്ധസംഗീതത്തിന്റെ പഞ്ചരത്നം കോര്‍ത്ത് നൂറോളം വരുന്ന സംഗീതജ്ഞര്‍ ഭക്തിയിലലിഞ്ഞുപാടി. ചെമ്പൈ സംഗീതോത്സവത്തിന്റെ പ്രധാന ആകര്‍ഷണമായ പഞ്ചരത്നകീര്‍ത്തനാലാപനം സംഗീത പ്രേമികളെ ആനന്ദലഹരിയിലാഴ്ത്തി.
മേല്പത്തുര് ഓഡിറ്റോറിയത്തില്‍ തിങ്ങിനിറഞ്ഞ സദസ്സ് ഒന്നാകെ താളമിട്ടും കൂടെ പാടിയും ആലാപനത്തിനൊപ്പം ചേര്‍ന്നു. ചേര്‍ത്തല കെ.എന്‍. രംഗനാഥ ശര്‍മ്മ, ചേപ്പാട് എ.ഇ. വാമനന് നമ്പൂതിരി, ചെങ്കോട്ട ഹരിഹരസുബ്രഹ്മണ്യന്‍, മുഖത്തല ശിവജി, സി.എസ്.സജീവ്, നെടുംകുന്നം ശ്രീദേവ്, ഡോ. ടി.വി. മണികണ്ഠന്, മാതംഗി സത്യമൂര്‍ത്തി, ഡോ. വിജയലക്ഷ്മി സുബ്രഹ്മണ്യം, ഡോ. ബി. അരുന്ധതി, ഡോ. ജി. ശ്രീവിദ്യ തുടങ്ങിയ സംഗീതജ്ഞര്‍ കച്ചേരിക്ക് നേതൃത്വം നല്കി. ഡോ. പി. പത്മേഷ്, ജി. ശ്രീനാഥ് (പുല്ലാങ്കുഴല്‍), തിരുവിഴ ശിവാനന്ദന്, എസ്. ഈശ്വര വര്‍മ്മ, വൈക്കം പത്മകൃഷ്ണന്.
ഡോ.വി. സിന്ധു, മാഞ്ഞൂര്‍ രഞ്ജിത്, തിരുവിഴ വിജു എസ് ആനന്ദ്, (വയലിന്), വൈക്കം പി.എസ്. വേണുഗോപാല്‍, എന്‍. ഹരി, ഡോ. കെ. ജയകൃഷ്ണന്, കുഴല്‍മന്ദം ജി രാമകൃഷ്ണന് (മൃദംഗം). ഗജാനന പൈ (മൃദംഗം), കോവൈ സുരേഷ്, മങ്ങാട് പ്രമോദ്, ആലുവ രാജേഷ് (ഘടം), ജ്യോതിദാസ് ഗുരുവായൂര്‍ (എടക്ക) എന്നിവര്‍ പക്കമേളത്തിന് നേതൃത്വം നല്കി. എൻ.കെ. അക്ബർ എം.എൽ.എ, നഗരസഭാധ്യക്ഷൻ എം. കൃഷ്ണദാസ് എന്നിവർ അടക്കമുള്ള പ്രമുഖരും പഞ്ചരത്നം ആസ്വദിക്കാൻ ഉണ്ടായിരുന്നു. രണ്ടാഴ്ചയായി നടന്നു വരുന്ന ചെമ്പൈ സംഗീതോത്സവം വ്യാഴാഴ്ച രാത്രി സമാപിക്കും.
കേശവന് പ്രണാമമര്‍പ്പിച്ച് പിന്മുറക്കാര്
ഗുരുവായൂര്‍: ആനക്കഥകളിലെ രാജാവായ ഗജരാജന്‍ കേശവന്റെ സ്മരണകള്‍ക്കുമുന്നില്‍ ഗജവൃന്ദം ശിരസ്സ് നമിച്ചു. കേശവന്റെ സ്മരണകള്‍ നെഞ്ചേറ്റുന്ന വന്‍ ജനാവലിയെ സാക്ഷിയാക്കിയായിരുന്നു ആനത്താവളത്തിലെ പിന്മുറക്കാരുടെ സ്മരണാഞ്ജലി. 1976ല്‍ ഏകാദശിയുടെ തലേന്ന് ചെരിഞ്ഞ കേശവന് സ്മരാണാഞ്ജലി അര്‍പ്പിച്ച് ഗജഘോഷയാത്രയും പുഷ്പചക്ര സമര്‍പണവും ആനയൂട്ടും നടന്നു.
തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍നിന്ന് ആരംഭിച്ച ഘോഷയാത്രയെ കേശവന്റെ ചിത്രവും വഹിച്ച് കൊമ്പന് ഇന്ദര്സെനാണ് നയിച്ചത്. ബല്‍റാം ഗുരുവായൂരപ്പന്റെ ചിത്രവും ഗോപീകണ്ണന് മഹാലക്ഷ്മിയുടെ ചിത്രവും വഹിച്ചു. ആനത്താവളത്തിലെ ഒമ്പത് ആനകള്‍ ഘോഷയാത്രയില്‍ പങ്കെടുത്തു. മേല്‍പ്പാലത്തിലൂടെ സഞ്ചരിച്ച് പാര്‍ഥസാരഥി ക്ഷേത്രത്തിലെത്തിയ ഘോഷയാത്രക്ക് ഭക്തര്‍ സ്വീകരണം നല്കി.
മഞ്ജുളാല്‍ വഴി ക്ഷേത്ര നടയിലെത്തി നമസ്കരിച്ച് കുളപ്രദക്ഷിണം നടത്തിയ ശേഷം ശ്രീവത്സം ഗെസ്റ്റ് ഹൗസ് വളപ്പിലെ കേശവന്റെ പ്രതിമക്ക് മുന്നിലെത്തി. ഇന്ദ്രസെന്‍ പ്രതിമയുടെ മണ്ഡപത്തില്‍ കയറി വലംവെച്ച് പ്രണാമമര്‍പ്പിച്ചു. ഘോഷയാത്രയിലെ ആനകള്‍ പ്രതിമക്കുമുന്നിലായി അണിനിരന്ന് ആദരം പ്രകടിപ്പിച്ചു.
ദേവസ്വം ചെയര്മാന് ഡോ. വി.കെ. വിജയന് കേശവന്പ്രതിമയില് പുഷ്പാര്‍ച്ചന നടത്തി. ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന് നമ്പൂതിരിപ്പാട്, സി.മനോജ്, മനോജ് ബി നായര്‍, വി.ജി. രവീന്ദ്രന്, അഡ്മിനിസ്ട്രേറ്റര്‍ കെ.പി.വിനയന്, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്മാരായ പി. മനോജ്കുമാര്‍, മായാദേവി എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.