ഗുരുവായൂര്‍: ബസ് സ്റ്റാന്‍ഡ് നിര്‍മാണത്തിന്റെ ഭാഗമായി താൽക്കാലിക സ്റ്റാന്‍ഡുകള്‍ ഒരുക്കുമെന്ന് ചെയര്മാന് എം. കൃഷ്ണദാസ് കൗണ്‍സിലില്‍ അറിയിച്ചു. തൃശൂര്‍ ഭാഗത്തേക്കുള്ള ബസിന് അഗതി മന്ദിരത്തിന് സമീപമുള്ള ബഹുനില പാര്‍ക്കിങ് സമുച്ചയത്തിന്റെ താഴത്തെ ഭാഗമാണ് പരിഗണനയില്‍. കുന്നംകുളം, ചാവക്കാട്, പൊന്നാനി ഭാഗത്തേക്കുള്ള ബസുകള്‍ക്ക് പടിഞ്ഞാറെനടയിലെ പഴയ മായ ബസ് സ്റ്റാന്‍ഡില്‍ സൗകര്യമൊരുക്കും. ഈ ബസുകള്‍ കിഴക്കെനടയിലെത്തി ആളുകളെ കയറ്റുകയും വേണം. വിശദാംശങ്ങള്‍ ബുധനാഴ്ച ചേരുന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയില്‍ തീരുമാനിക്കും.
ഗുരുവായൂരിലെ ഗതാഗത നിയന്ത്രണത്തിന് ആവശ്യമായ പൊലീസിനെ അനുവദിക്കാന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കാനും തീരുമാനിച്ചു. കെ.ബി.എം - ശിവനട റോഡിന്റെ ശോചനീയ സ്ഥിതി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൗണ്‍സിലര്‍ അജിത കുത്തിയിരിപ്പ് നടത്തി. എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് ജില്ല പഞ്ചായത്ത് നടപ്പാക്കുന്ന പ്രവൃത്തിയായതിനാല്‍ നഗരസഭക്ക് ഇക്കാര്യത്തില്‍ പങ്കില്ലെന്ന് ചെയര്മാന് കൗണ്‍സില്‍ യോഗത്തിനുശേഷം അറിയിച്ചു.
ബഹുനില പാര്‍ക്കിങ് സമുച്ചയം കരാറെടുത്തയാള്‍ കാലാവധി അവനിക്കും മുമ്പുതന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നല്കിയ കത്ത് ചര്‍ച്ച ചെയ്തു. 57.51 ലക്ഷത്തിനാണ് ഒരു വര്‍ഷത്തേക്ക് കരാറെടുത്തിരുന്നത്. എന്നാല്‍, കരാറെടുത്ത് രണ്ടുമാസം തികയും മുമ്പാണ് തങ്ങളെ ഒഴിവാക്കണമെന്ന കത്ത് നല്‍കിയിട്ടുള്ളത്. നേരത്തേ ഈ കേന്ദ്രം നടത്തിയിരുന്ന കുടുംബശ്രീയും നഷ്ടം മൂലം പിന്‍വാങ്ങുകയായിരുന്നു. ഇപ്പോഴത്തെ കരാറുകാരനും നഷ്ടം തന്നെയാണ് കാരണം പറയുന്നത്. ലൈഫ് പദ്ധതിയുടെ സോഷ്യല്‍ ഓഡിറ്റിനുള്ള കമ്മിറ്റിയില്‍ വൈസ് ചെയര്‍പേഴ്സനെ കൂടി ഉള്‍പ്പെടുത്തണമെന്ന് സ്ഥിരം സമിതി അധ്യക്ഷന്‍ എ.എം. ഷെഫീര്‍ ആവശ്യപ്പെട്ടു. ചെയര്മാന് എം. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. എ.എസ്. മനോജ്, കെ.പി. ഉദയന്‍, പ്രഫ. പി.കെ. ശാന്തകുമാരി, ബി.വി. ജോയ്, ശോഭ ഹരിനാരായണന് എന്നിവര്‍ സംസാരിച്ചു.
നഗരസഭ ബജറ്റിന്റെ ഭാഗമായി നല്കിയ ഭക്ഷണത്തിന് ചെലവ് 99,400 രൂപ. നഗരസഭ കൗണ്‍സിലിന്റെ അംഗീകാരത്തിനായി കാറ്ററിങ് സ്ഥാപനം നല്കിയ ബില്ലിലാണ് വിശദാംശങ്ങള്‍ ഉണ്ടായിരുന്നത്. നോണ്‍ വെജ് ഊണിന് 400 പേര്‍ക്ക് 8800 രൂപയായി. ഒരാള്‍ക്ക് 220 രൂപ. വെജിറ്റേറിയന്‍ ഭക്ഷണം 50 പേര്‍ക്കാണ് നല്‍കിയത്. ഒരാള്‍ക്ക് 100 രൂപ എന്ന നിരക്കില്‍ 5000 രൂപ. 40 ലിറ്റര്‍ പായസത്തിന് 6400 രൂപയായി. ലിറ്ററിന് 160 രൂപ. ചർച്ച കൂടാതെ അജണ്ട അംഗീകരിച്ചു. കഴിഞ്ഞ ഫെബ്രുവരി 10 നായിരുന്നു ബജറ്റ് അവതരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.