ഗുരുവായൂര്‍: റെയില്‍വേ മേല്‍പ്പാലം നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിന് അവശേഷിച്ചിരുന്ന സാങ്കേതിക അനുമതിയും ലഭിച്ചു. ലക്നൗ ആസ്ഥാനമായുള്ള ആര്.ഡി.എസ്.ഒയുടെ (റിസര്‍ച്ച് ഡിസൈന്‍ ആന്‍ഡ് സ്റ്റാന്‍ഡേഡ്സ് ഓര്ഗനൈസേഷന്) അനുമതി ലഭ്യമായതോടെ പാളത്തിന്റെ മുകളില്‍ വരുന്ന ഭാഗത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കാനാവും.
ജൂലൈയില്‍ പാലം തുറന്നു കൊടുക്കാനാവുമെന്ന് എന്‍.കെ. അക്ബര്‍ എം.എല്‍.എ അറിയിച്ചു. പാലത്തിന്റെ മറ്റ് ഭാഗങ്ങളും പാളത്തിന് മുകളില്‍ വരുന്ന ഭാഗത്തിന്റെ തൂണുകളും നിര്‍മിച്ചിട്ടുണ്ടെങ്കിലും ആര്.ഡി.എസ്.ഒയുടെ അനുമതി ലഭിക്കാത്തതിനാല്‍ പാളത്തിന് മുകളിലെ രണ്ട് സ്പാനുകളുടെ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നത് വൈകുകയായിരുന്നു. ജൂണ്‍ ആദ്യവാരത്തില്‍ തന്നെ ഈ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നത് ആരംഭിക്കും.
ഗര്‍ഡറുകളുടെ നിര്‍മാണം തൃശിനാപ്പിള്ളിയിലെ ഫാക്ടറിയില്‍ പൂര്‍ത്തിയായിട്ടുണ്ട്. ഫാക്ടറിയിലെത്തിയാണ് ആര്.ഡി.എസ്.ഒ പരിശോധന നടത്തിയത്. പരിശോധന കഴിഞ്ഞിട്ടും അനുമതി വൈകിയതിനെ തുടര്‍ന്ന് എന്‍.കെ. അക്ബര്‍ എം.എല്‍.എ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി ബന്ധപ്പെട്ടിരുന്നു. വിഷയത്തില്‍ ഇടപെടാന്‍ മുഖ്യമന്ത്രി, സംസ്ഥാന റെയില്‍വേ മന്ത്രി വി. അബ്ദുറഹിമാന് എന്നിവരോട് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. പാലത്തിന്റെ സർവിസ് റോഡുകളുടെ നിര്‍മാണം അന്തിമ ഘട്ടത്തിലെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.