ഗുരുവായൂർ: കേന്ദ്ര നഗരകാര്യ മന്ത്രാലയം ഒക്ടോബർ 19, 20, 21 തീയതികളിൽ രാജ്കോട്ടിൽ സംഘടിപ്പിക്കുന്ന പ്രദർശനത്തിൽ ഗുരുവായൂരിൽ അമൃത് പദ്ധതിയിൽ നടപ്പാക്കിയ വികസനങ്ങളുടെ ചെറുമാതൃക പ്രദർശിപ്പിക്കും. കേരളത്തിൽനിന്ന് പ്രദർശനത്തിലേക്ക് ക്ഷണം ലഭിച്ച ഏക മുനിസിപ്പാലിറ്റി ഗുരുവായൂരാണ്.
കൊച്ചി കോർപറേഷനും ക്ഷണം ലഭിച്ചു. നഗരത്തിലെ ഇന്നർ റിങ് റോഡിലും മഞ്ജുളാൽ റോഡിലുമായി രണ്ട് കിലോമീറ്റർ നടപ്പാത ഗ്രാനൈറ്റ് വിരിച്ച് സ്റ്റെയിൻലെസ് സ്റ്റീൽ ഹാൻഡ് റെയിൽ എന്നിവ ഘടിപ്പിച്ചിട്ടുണ്ട്.
ഇതിനുപുറമെ 12 കിലോമീറ്റർ ഡ്രെയിനേജ് നെറ്റ്‌വർക്കും 30 കൽവർട്ടും 8490 മീറ്റർ ദൂരം ടൈൽ വിരിച്ച കൽവർട്ടുകളും പൂർത്തീകരിച്ചിട്ടുണ്ട്. ഇവയുടെ ചെറുമാതൃകയാണ് രാജ്കോട്ടിൽ പ്രദർശിപ്പിക്കുക. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസെറ്റിയാണ് പ്രവൃത്തി നിർവഹിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രദർശനം ഉദ്ഘാടനം ചെയ്യുന്നത്. കേന്ദ്ര മന്ത്രാലയത്തിൽ നിന്ന് അമൃത് മിഷൻ ഡയറക്ടർ ആയ അരുൺ കെ. വിജയനാണ് അറിയിപ്പ് വന്നത്.
നേരത്തേ 2021 ഒക്ടോബറിൽ ലഖ്നോവിൽ നടന്ന പ്രദർശനത്തിലും ഗുരുവായൂരിനെ തിരഞ്ഞെടുത്തിരുന്നു. ശുചിത്വ ബോധവത്കരണ പ്രവർത്തന മികവിന് ദേശീയതലത്തിൽ തിരഞ്ഞെടുത്ത 10 നഗരങ്ങളിലൊന്ന് ഗുരുവായൂരായിരുന്നു.
ഗുരുവായൂരിലെ വികസന പ്രവൃത്തികൾ ദേശീയ ശ്രദ്ധയാകർഷിക്കുന്നുവെന്നതിന്റെ അംഗീകാരമാണ് രാജ്കോട്ടിലേക്കുള്ള ക്ഷണമെന്ന് നഗരസഭാധ്യക്ഷൻ എം. കൃഷ്ണദാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.