ഗുരുവായൂര്‍: കുടിവെള്ള കണക്ഷനുവേണ്ടി ഇനി ജല അതോറിറ്റി ഓഫിസിലെത്തി വരി നില്‍ക്കേണ്ട. കണക്ഷനടക്കമുള്ള സേവനങ്ങള്‍ ഓണ്‍ലൈനായി 'ഇ ടാപ്' മുഖേന ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന സംവിധാനം ജല അതോറിറ്റി ഗുരുവായൂരിലും ഏര്‍പ്പെടുത്തി.
കുടിവെള്ളത്തിനും സ്വീവേജിനും കണക്ഷന്‍ എടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് ജല അതോറിറ്റിയുടെ വെബ് സൈറ്റിലെ ഇ ടാപ്പ് സംവിധാനത്തിലൂടെ കഴിയും. ഇതില്‍ കണ്‍സ്യൂമര്‍ ഐ.ഡിയും പാസ്വേര്‍ഡും എടുക്കുകയാണ് ആദ്യം വേണ്ടത്. ലൈസന്‍സ് പ്ലംബറെ ഉപഭോക്താവിന് തിരഞ്ഞെടുക്കാം. അല്ലെങ്കില്‍ വാട്ടര്‍ അതോറിറ്റിയെ ഏല്‍പ്പിക്കാം. അപേക്ഷ ലഭിച്ചാലുടന്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സാധ്യത പരിശോധിക്കും. എസ്റ്റിമേറ്റ് തുക ഇ-ടാപ്പ് സംവിധാനത്തില്‍ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തും. ഈ തുക ഓണ്‍ലൈനായി അടക്കാം.
കണക്ഷന്‍ ലഭിച്ച ശേഷമേ പ്ലംബര്‍ക്ക് വാട്ടര്‍ അതോറിറ്റി പണം കൈമാറുകയുള്ളൂ. ഇതുവഴി പ്ലംബറും ഉപഭോക്താവും തമ്മിലുള്ള പരാതികള്‍ക്ക് പരിഹാരമാകും. സ്വീവേജ് കണക്ഷനും ഈ രീതിയില്‍ തന്നെയാണ്.
വെള്ളക്കരവും ഓണ്‍ലൈന്‍ വഴി അടക്കാം. ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ലഭ്യമാക്കുന്നതിനായി ഉപഭോക്താക്കളുടെ മൊബൈല്‍ നമ്പര്‍ കണ്‍സ്യൂമര്‍ നമ്പറുമായി ലിങ്ക് ചെയ്യണം. ഇതിനായി അതത് സെക്ഷന്‍ ഓഫിസുകളിലോ സബ് ഡിവിഷന്‍ ഓഫിസിലോ നേരിട്ടോ ഫോണ്‍ മുഖേനയോ ബന്ധപ്പെടണം. ലിങ്ക് ചെയ്ത മൊബൈല്‍ നമ്പറിലേക്കാണ് ബില്ലുകള്‍ വരികയെന്ന് ജല അതോറിറ്റ് അസി. എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ വാസുദേവന്‍ പറഞ്ഞു. ഗൂഗിള്‍ പേ, ഫോണ്‍ പേ സംവിധാനങ്ങളും പ്രയോജനപ്പെടുത്താം.
ഓഫിസ് കടലാസ് രഹിതമാക്കുന്നതിന്റെ ഭാഗമായി പണമടച്ച രശീതി മെസ്സേജ് ആയാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. കുടിവെള്ള കണക്ഷന്‍, സീവറേജ് കണക്ഷന്‍ എന്നിവക്ക് അപേക്ഷിക്കുന്ന സമയത്ത് ഓണര്‍ഷിപ് സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, നികുതിയടച്ച രശീതി എന്നിവയുടെ പകര്‍പ്പ് ഓണ്‍ലൈനായി അപ്ലോഡ് ചെയ്യണം. സ്വീവേജ് കണക്ഷന് അപേക്ഷിക്കുന്നവര്‍ കുടിവെള്ള കണക്ഷന്റെ കണ്‍സ്യൂമര്‍ നമ്പര്‍ നല്‍കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.