ഗുരുവായൂര്‍: ആറു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം റെയില്‍വേ കനിഞ്ഞു. ഗുരുവായൂര്‍ നഗരസഭക്കുള്ള അമൃത് കുടിവെള്ള പദ്ധതിക്കും തൃത്താലയില്‍നിന്ന് വെള്ളം ലഭിക്കുന്ന പാവറട്ടി -മുല്ലശേരി കുടിവെള്ള പദ്ധതിക്കും റെയില്പാതക്കടിയിലൂടെ പൈപ്പിടാന്‍ അനുമതിയായി. പാവറട്ടി, മുല്ലശേരി പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള പദ്ധതിയുടെ ടാങ്ക് നിര്‍മാണവും പൈപ്പിടലും പൂര്‍ത്തിയായെങ്കിലും ബ്രഹ്മകുളത്തെ റെയില്‍വേ ലൈനിന് അടിയിലൂടെ പൈപ്പിടാന്‍ അനുമതി ലഭിച്ചിരുന്നില്ല.
മൂന്നര മീറ്ററോളം വരുന്ന ഭാഗത്ത് പൈപ്പിട്ടാലേ തൃത്താലയില്‍ നിന്നു വരുന്ന വെള്ളം പാവറട്ടിയിലെയും മുല്ലശേരിയിലെയും ടാങ്കുകളില്‍ എത്തുകയുള്ളൂ. 2017ല്‍ ഇതിനായി ജല അതോറിറ്റി റെയില്‍വേക്ക് അപേക്ഷ നല്‍കിയിരുന്നു.
അതുപോലെ ഗുരുവായൂര്‍ നഗരസഭയുടെ അമൃത് കുടിവെള്ള പദ്ധതിയില്‍ കോട്ടപ്പടിയിലെ ശുദ്ധീകരണ പ്ലാന്റില്‍നിന്നുള്ള വെള്ളം ടാങ്കിലെത്തിച്ച് പഴയ തൈക്കാട് പഞ്ചായത്ത് ഭാഗത്തെ വാര്‍ഡുകളിലേക്ക് എത്തിക്കാന്‍ പാലുവായിൽ റെയില്‍വേ ലൈനിന് അടിയിലൂടെ പൈപ്പിടേണ്ടിയിരുന്നു.
ഇതിന് 2018ല്‍ ജല അതോറിറ്റി അപേക്ഷ നല്‍കിയിരുന്നു. ഒടുവില്‍ കഴിഞ്ഞ ദിവസമാണ് റെയില്‍വേ രണ്ടിടത്തും പാളത്തിന് അടിയിലൂടെ പൈപ്പിടാന്‍ അനുമതി നല്‍കിയത്. വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടി വന്നതിനാല്‍ നേരത്തേ പൈപ്പിടാന്‍ കരാറെടുത്തവര്‍ ജോലി നിര്‍ത്തിപ്പോയിട്ടുണ്ട്. പുതിയ ടെന്‍ഡര്‍ വിളിച്ചുവേണം ഇനി പൈപ്പിടല്‍ പൂര്‍ത്തിയാക്കാന്‍. അടുത്ത മാര്‍ച്ചില്‍ പാവറട്ടി - മുല്ലശേരി പദ്ധതി കമീഷന് ചെയ്യാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
പൈപ്പിടല്‍ വൈകിയാല്‍ പദ്ധതിയുടെ പൂര്‍ത്തീകരണവും വൈകും. ഗുരുവായൂര്‍ നഗരസഭയിലെ വിളക്കാട്ടുപാടം, തൈക്കാട്, മന്നിക്കര, പാലുവായ്, ചക്കംകണ്ടം മേഖലയിലേക്ക് വെള്ളം എത്താനും പാലുവായിലെ പൈപ്പിടല്‍ പൂര്‍ത്തിയാകണം. ഗുരുവായൂരിലെ മറ്റു മേഖലകളിലെല്ലാം പദ്ധതി പൂര്‍ത്തിയായിക്കഴിഞ്ഞു. ജല അതോറിറ്റിയുടെ നാട്ടിക ഡിവിഷനാണ് ഇരു പദ്ധതികളുടെയും നിർവഹണ ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.