ഗുരുവായൂർ: താഴിശേരി ബിനുവും ഭാര്യ സന്ധ്യയും ഉടമകളും ജീവനക്കാരുമായ താമരയൂർ ഹരിദാസ് നഗറിലെ ചായക്കടയിൽ ബുധനാഴ്ച വലിയ തിരക്കായിരുന്നു. വന്നവരെല്ലാം ബിനുവും സന്ധ്യയും ഒരുക്കിയ ചായയുടെയും പലഹാരത്തിന്റെയും രുചി നുകർന്ന് അർബുദ ബാധിതരുടെ ചികിത്സക്കുള്ള ജീവകാരുണ്യ പ്രവർത്തനത്തിൽ കണ്ണികളായി. ബുധനാഴ്ച ഈ ചായക്കടയിൽ വിളമ്പിയ ഭക്ഷണമെല്ലാം സൗജന്യമായിരുന്നു. കഴിച്ചവർ നൽകിയ പ്രതിഫലമെല്ലാം കാഷ് കൗണ്ടറിലെ ബക്കറ്റിൽ നിക്ഷേപിച്ചു. വാർത്ത അറിഞ്ഞെങ്കിലും പരീക്ഷ മൂല്യനിർണയ ഡ്യൂട്ടിയിലായതിനാൽ സുഹൃത്ത് വഴി തന്റെ വിഹിതം എത്തിച്ച ഹയർ സെക്കൻഡറി അധ്യാപകനടക്കം പലരും നേരിട്ടല്ലാതെ സംഭാവനകൾ കൈമാറിയെന്ന് ബിനുവും സന്ധ്യയും പറഞ്ഞു. ആകെ ലഭിച്ച തുക വൈകീട്ട് എണ്ണി നോക്കിയപ്പോൾ 31,660 രൂപയുണ്ടായിരുന്നു. ഡോ. വി.പി. ഗംഗാധരന്റെ നേതൃത്വത്തിലുള്ള കൊച്ചിന് കാന്‍സര്‍ സൊസൈറ്റിക്കു വേണ്ടി എൻ.കെ. അക്ബർ എം.എൽ.എ തുക ഏറ്റുവാങ്ങി. ചാവക്കാട് നഗരസഭാധ്യക്ഷ ഷീജ പ്രശാന്തും സന്നിഹിതരായിരുന്നു.
ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുന്നവര്‍ തങ്ങളുടെ വീടിനോട് ചേർന്ന മുറിയിൽ ഉപജീവനത്തിനായി നടത്തുന്ന സ്ഥാപനമാണ് നാടിന് മാതൃകയായത്. അര്‍ബുദ ബാധിതയായിരുന്ന സന്ധ്യ ഡോ. ഗംഗാധരന്റെ ചികിത്സയിലാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. അന്ന് തങ്ങളനുഭവിച്ച പ്രയാസങ്ങളാണ് തങ്ങളാലാകുംവിധം അർബുദ രോഗികളെ സഹായിക്കാന്‍ പ്രചോദനമായതെന്ന് സന്ധ്യ പറഞ്ഞു. ഇവരുടെ മകള്‍ എല്‍.എഫ് കോളജ് വിദ്യാര്‍ഥിനി നന്ദനക്ക് ശ്രവണ സഹായിക്കായി ഏറെ വാതിലുകള്‍ മുട്ടേണ്ടിവന്നിരുന്നു. ഒടുവില്‍ സംസ്ഥാന സര്‍ക്കാറിന്റെ അദാലത്തിലാണ് പ്രശ്നത്തിന് പരിഹാരമായത്. ജീവിതത്തിലെ ഈ പ്രതിസന്ധികളൊന്നും അർബുദ രോഗികള്‍ക്ക് തുണയാകാനുള്ള ഇവരുടെ തീരുമാനത്തിന് വിലങ്ങുതടിയല്ല. അടുത്ത വർഷവും ഒരു ദിവസത്തെ വരുമാനം അർബുദ രോഗികൾക്കായി മാറ്റിവെക്കുമെന്ന് ദമ്പതികൾ പറഞ്ഞു. കേരള ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോസിയേഷൻ പ്രസിഡന്റ് ഒ.കെ.ആർ. മണികണ്ഠൻ, സെക്രട്ടറി സി.എ. ലോകനാഥ്, ട്രഷറർ എൻ.കെ. രാമകൃഷ്ണൻ, രവീന്ദ്രൻ നമ്പ്യാർ, രാജേഷ് ഗോകുലം, ചന്ദ്രബാബു, പ്രേമ പ്രകാശ്, അനിത രാമകൃഷ്ണൻ എന്നിവർ ചേർന്ന് ബിനുവിനെയും സന്ധ്യയെയും ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.