ഗുരുവായൂര്‍: അര നൂറ്റാണ്ടിലേറെ ഗുരുവായൂരിലും പരിസര പ്രദേശങ്ങളിലുമുള്ളവരുടെയും ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകരുടെയും സിനിമ മോഹങ്ങളെ സാക്ഷാത്കരിച്ച ബാലകൃഷ്ണ തിയറ്റര്‍ ഇനി ഓര്മ. ആറ് വര്‍ഷം മുമ്പ് പ്രദര്‍ശനം അവസാനിപ്പിച്ചെങ്കിലും കെട്ടിടം അതേ രീതിയില്‍ നിലകൊണ്ടിരുന്നു. 2018 ഏപ്രില്‍ 30നാണ് പ്രദര്‍ശനം അവസാനിപ്പിച്ചത്. തമിഴ് സിനിമയായ ദിയ ആയിരുന്നു അവസാനത്തേത്.
ഇതിനു മുമ്പും പ്രദര്‍ശനം നിര്‍ത്തി താത്ക്കാലികമായി അടച്ചിട്ടിരുന്നെങ്കിലും പിന്നീട് നവീകരിച്ച് പ്രവര്‍ത്തനം പുനഃരാരംഭിച്ച ചരിത്രമുള്ളതിനാല്‍ സിനിമ പ്രേമികള്‍ക്ക് ബാലകൃഷ്ണയില് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ കെട്ടിടം പൊളിച്ചതോടെ ഈ പ്രതീക്ഷകള്‍ക്കെല്ലാം വിരാമമായി.
ഗുരുവായൂര്‍ സ്വദേശിയായിരുന്ന പി.ആര്. നമ്പ്യാരാണ് ബാലകൃഷ്ണയുടെ സ്ഥാപകന്‍. 1966 മാര്‍ച്ച് 31നായിരുന്നു ഉദ്ഘാടനം. സത്യന്, നസീര്‍, അടൂര്‍ ഭാസി എന്നിവര്‍ അഭിനയിച്ച മള്‍ട്ടി സ്റ്റാര്‍ ചിത്രം ‘സ്റ്റേഷന് മാസ്റ്റര്‍’ആയിരുന്നു ആദ്യ സിനിമ.
ഗുരുവായൂര്‍ മേഖലയിലെ മിക്കവാറും തിയേറ്ററുകള്‍ ഓലമേഞ്ഞ കെട്ടിടങ്ങളായിരുന്ന കാലത്താണ് മികച്ച കെട്ടിടവും ബാല്ക്കണിയുമൊക്കെയായി ബാലകൃഷ്ണ താരമായത്. കുട്ടിക്കാലത്ത് മാതാപിതാക്കളോടൊപ്പം ദര്‍ശനത്തിനെത്തിയപ്പോള്‍ ബാലകൃഷ്ണയില് പോയി സിനിമയും കണ്ട് മടങ്ങിയ ഗൃഹാതുരമായ ഓര്‍മകള്‍ ഇന്ന് പലരും സൂക്ഷിക്കുന്നുണ്ട്. അച്ഛനും അമ്മയും ഒരു കുഞ്ഞും നില്ക്കുന്ന വലിയ ഒരു ശില്പം ബാലകൃഷ്ണയുടെ ചുമരിലുണ്ടായിരുന്നു. ഈ ശില്പം സ്ഥാപിച്ച ചുമര് മാത്രമാണ് ഇനി പൊളിച്ചു നീക്കാനുള്ളത്.
ചെമ്മീന്‍, ശ്രീ അയ്യപ്പന്, ഉണ്ണിയാര്‍ച്ച, ആരോമലുണ്ണി, ശങ്കരാഭരണം, ഭക്ത ഹനുമാൻ, മീന്‍, മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, പ്രേമാഭിഷേകം തുടങ്ങി ഒട്ടനവധി സിനിമകള്‍ ഹൗസ് ഫുള്ളായി തകര്‍ത്തോടി. ഇടക്കാലത്ത് കുറച്ചു കാലം അടച്ചിട്ട ശേഷം വീണ്ടും തുറന്നപ്പോള്‍ ജോണി വാക്കര്‍, കൊച്ചു കൊച്ചു സന്തോഷങ്ങള്‍, നരന്, ദൃശ്യം തുടങ്ങിയവയും നിറഞ്ഞോടി.
എ.സിയില്ലാത്ത തിയേറ്ററുകള്‍ക്ക് റിലീസ് അനുവദിക്കേണ്ടെന്ന ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന്റെ തീരുമാനം വന്നത് ബാലകൃഷ്ണക്ക് തിരിച്ചടിയായി. അതോടെ ബാലകൃഷ്ണയിലെ പ്രദര്‍ശനങ്ങള്‍ക്ക് തിരശീല വീണു. കിഴക്കെ നടയിലെ മേല്‍പ്പാലം ഉയര്‍ന്നതോടെ തിയേറ്ററിന് മുന്നിലൂടെയുള്ളത് ചെറിയ സര്‍വീസ് റോഡ് മാത്രമായി മാറുകയും ചെയ്തു. ഇതും നവീകരണ പ്രവൃത്തികള്‍ക്ക് തടസമായി. ഇതോടെ മേല്‍പ്പാലത്തിന് ഗൃഹാതുരമായ ഓര്‍മകളുമായി നിന്നിരുന്ന കെട്ടിടവും ഓര്‍മയിലേക്ക് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.