ഗുരുവായൂര്‍: പത്തുനാള്‍ നീളുന്ന ക്ഷേത്രോത്സവത്തിന് കൊടിയേറി. ഉത്സവത്തിന് തുടക്കം കുറിച്ച് രാത്രി ക്ഷേത്രം തന്ത്രി സ്വര്‍ണ വര്‍ണ ധ്വജസ്തംഭത്തില്‍ സപ്ത വര്ണക്കൊടിയേറ്റി. ദീപാരാധനക്ക് ശേഷം കൂറയും പവിത്രവും നല്കി ആചാര്യവരണം നടത്തിയ ശേഷമായിരുന്നു കൊടിയേറ്റം. അത്താഴ പൂജ, കൊടിപ്പുറത്ത് വിളക്ക് എന്നിവ നടന്നു. രാവിലെ ആനയില്ലാ ശീവേലി നടന്നു. രാത്രി മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ കഥകളി അരങ്ങേറി. കലാമണ്ഡലം ഗോപി ബാഹുകനായി അരങ്ങിലെത്തി. ഉത്സവം എട്ടാം ദിവസം വരെ മേല്പത്തൂര് ഓഡിറ്റോറിയത്തിലും വൈഷ്ണവം വേദിയിലുമായി രാവിലെ മുതല്‍ രാത്രി വരെ കലാപരിപാടികള്‍ അരങ്ങേറും.
വ്യാഴാഴ്ച രാവിലെ ദിക്ക് കൊടികള്‍ സ്ഥാപിക്കും. ഉത്സവത്തിന്റെ സവിശേഷതയായ ‘പകര്‍ച്ച’ വ്യാഴാഴ്ച തുടങ്ങും. ഉച്ചക്ക് കഞ്ഞിയും പുഴുക്കും, രാത്രി ചോറും രസകാളനുമാണ് പകര്‍ച്ചയുടെ വിഭവങ്ങള്‍. ഇടിച്ചക്കയും മുതിരയുംകൊണ്ടാണ് കഞ്ഞിയുടെ പുഴുക്ക്. അതിന് പുറമെ തേങ്ങാപ്പൂള്, ശര്‍ക്കര, പപ്പടം, മാങ്ങാക്കറി എന്നിവയും വിഭവങ്ങളായുണ്ടാകും. രാത്രി ചോറിനൊപ്പം കാളന്, ഓലന്‍, അവിയല്‍, മെഴുക്കുപുരട്ടി, ഉപ്പിലിട്ടത് എന്നിവയാണ് വിഭവങ്ങള്‍. ഉത്സവം എട്ടാം നാള് വരെയാണ് കഞ്ഞിയും പകര്‍ച്ചയും. മാര്‍ച്ച് ഒന്നിന് ആറാട്ടോടെയാണ് ഉത്സവം കൊടിയിറങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.