ഗുരുവായൂര്‍: പ്രഖ്യാപിച്ചതുപോലെ ഗുരുവായൂര്‍ മേല്‍പാലത്തിന്റെ ഉദ്ഘാടനം മേയില്‍ നടക്കില്ല. റെയില്‍വേ പാളത്തിന് മുകളില്‍ വരുന്ന സ്പാനുകളിലെ നിര്‍മാണത്തിന് ലഖ്നോയിലെ റിസര്‍ച്ച് ഡിസൈന്‍ ആന്‍ഡ് സ്റ്റാന്‍ഡേഡ്സ് ഓര്‍ഗനൈസേഷന്റെ (ആര്.ഡി.എസ്.ഒ) അനുമതി ലഭിക്കണം.
ഈ ഭാഗത്ത് സ്ഥാപിക്കാൻ തൃശിനാപ്പിള്ളിയിലെ വര്‍ക്ക്ഷോപ്പില്‍ നിര്‍മിക്കുന്ന ഗര്‍ഡറുകള്‍ ആര്.ഡി.എസ്.ഒ ഉദ്യോഗസ്ഥര്‍ പരിശോധിക്കണം. ഗര്‍ഡറുകള്‍ യോജിപ്പിച്ചും അഴിച്ചുമാറ്റിയും പരിശോധന നടത്തണം. ഇതിന്റെ പെയിന്റിങ്ങും പരിശോധിക്കേണ്ടതുണ്ട്. ലഖ്നോയില്‍ നിന്ന് ഉദ്യോഗസ്ഥ സംഘം തൃശിനാപ്പിള്ളിയിലെത്തിയാണ് പരിശോധന നടത്തേണ്ടത്.
നിശ്ചിത സമയത്ത് പണികള്‍ പൂര്‍ത്തീകരിക്കുന്നതില്‍ കരാറുകാരായ എസ്.പി.എല്‍ വീഴ്ച വരുത്തുന്നതില്‍ അവലോകന യോഗത്തില്‍ എന്‍.കെ. അക്ബര്‍ എം.എല്‍.എ അതൃപ്തി പ്രകടിപ്പിച്ചു.
ആവശ്യമായ ജോലിക്കാരെ ഇപ്പോഴും നിയോഗിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മേല്‍നോട്ട ചുമതലയുള്ള റെയില്‍ ഇന്ത്യ ടെക്നിക്കല്‍ ആന്‍ഡ് ഇക്കണോമിക് സര്‍വിസ് (റൈറ്റ്സ്) അധികൃതരും എം.എല്‍.എയുടെ അഭിപ്രായത്തോട് യോജിച്ചു. പാളത്തിന് മുകളില്‍ വരുന്ന ഭാഗങ്ങള്‍ ഒഴികെയുള്ളത് ഈ മാസം പൂര്‍ത്തീകരിക്കാമെന്ന് കരാറുകാര്‍ അറിയിച്ചു.
അപ്രോച്ച് റോഡിന്റെ ടാറിങ് അടക്കമുള്ള പ്രവൃത്തികളും പൂര്‍ത്തീകരിക്കും. തിരുവെങ്കിടം അടിപ്പാതക്കായി 10.5 സെന്റോളം സ്ഥലം ഏറ്റെടുക്കണമെന്ന് നിര്‍വഹണ ഏജന്‍സിയായ കെ- റെയില്‍ അധികൃതര്‍ അറിയിച്ചു.
ഇതില്‍ ഒമ്പത് സെന്റ് ദേവസ്വത്തിന്റേതാണ്. വില നിശ്ചയിച്ച് ഈ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ വേഗത്തിലാക്കും. എന്‍.കെ. അക്ബര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പി. വെങ്കടേഷ്, എസ്.പി.എല്‍ മാനേജര്‍ അനൂപ്, കെ.എസ്.ഇ.ബി എ.ഇ.ഇ എം. ബിജി, റൈറ്റ്സ് ടീം ലീഡര്‍ പി. വെങ്കടേഷ്, അമീര്‍ അലി, മിഥുന് ജോസഫ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.