ഗുരുവായൂര്‍: ഒരുപതിറ്റാണ്ടിലേറെയായി നാട് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗുരുവായൂര്‍ മേല്‍പാലം നവംബര്‍ 14ന് ഉദ്ഘാടനം ചെയ്യും. വൈകീട്ട് ഏഴിന് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനിലൂടെ ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി മുഹമ്മദ് റിയാസ് ശിലാഫലകം അനാവരണം ചെയ്യും. 23 മാസം കൊണ്ടാണ് പാലം നിര്‍മാണം പൂര്‍ത്തീകരിച്ചത്. കഴിഞ്ഞ പിണറായി സര്‍ക്കാറിന്റെ കാലത്താണ് പാലത്തിനാവശ്യമായ ഫണ്ട് കിഫ്ബിയിലൂടെ വകയിരുത്തിയത്. 2021 ജനുവരി 23ന് മുഖ്യമന്ത്രി ഓണ്‍ലൈനിലൂടെ നിർമാണം ഉദ്ഘാടനം ചെയ്തു. മന്ത്രി എ.സി. മൊയ്തീന് ശിലാഫലകം അനാവരണം ചെയ്തു. 2021 ഡിസംബര്‍ 10നാണ് തൂണുകളുടെ പൈലിങ് ആരംഭിച്ചത്. അന്നുമുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എ ആയിരിക്കെയാണ് പാലത്തിന് സംസ്ഥാന സർക്കാർ ഫണ്ട് അനുവദിച്ചത്. തുടര്‍ന്ന് എം.എല്‍.എയായ എന്‍.കെ. അക്ബര്‍ നിര്‍മാണത്തിനിടെയുണ്ടായ തടസ്സങ്ങള്‍ നീക്കാനും റെയില്‍വേ അധികൃതരില്‍നിന്നുള്ള അനുമതികള്‍ യഥാസമയം ലഭ്യമാക്കാനും നിരന്തര ഇടപെടലുകള്‍ നടത്തി. പാലം യാഥാര്‍ഥ്യമാകാൻ ഗുരുവായൂര്‍ നഗരസഭയും രംഗത്തുണ്ടായിരുന്നു. എന്‍.കെ. അക്ബര്‍ എം.എല്‍.എ, നഗരസഭ അധ്യക്ഷന്‍ എം. കൃഷ്ണദാസ് എന്നിവരുടെ നേതൃത്വത്തില്‍ ഓരോ മാസവും കൃത്യമായി അവലോകന യോഗം ചേരുകയും വീഴ്ചകള്‍ പരിഹരിക്കുകയും ചെയ്തു.
റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പറേഷനായിരുന്നു നിര്‍മാണ ചുമതല. ചെന്നൈയിലെ എസ്.ബി.എല്‍ ഇന്‍ഫ്രാ ടെക് കമ്പനിക്കായിരുന്നു കരാര്‍. സ്റ്റീല്‍-കോണ്‍ക്രീറ്റ് കോമ്പോസിറ്റ് സ്ട്രെക്ചര്‍ മാതൃക ഉപയോഗിച്ചായിരുന്നു നിര്‍മാണം. ഇങ്ങനെ നിർമിക്കുന്ന കേരളത്തിലെ ആദ്യ റെയിൽവേ മേൽപാലമാണ് ഗുരുവായൂരിലേത്. പൈല്, പൈല് ക്യാപ് എന്നിവ കോണ്‍ക്രീറ്റിലും പിയര്‍, പിയര്‍ ക്യാപ്, ഗര്‍ഡര്‍ എന്നിവ സ്റ്റീലിലും ഡെക് സ്ലാബ് കോണ്‍ക്രീറ്റിലുമായാണ് നിര്‍മിച്ചത്. കിഫ്ബിയില്‍നിന്ന് 33 കോടി രൂപയാണ് പാലത്തിന് വകയിരുത്തിയത്. 517.32 മീറ്റര്‍ നീളമുള്ള പാലത്തിന് 10.15 മീറ്ററാണ് വീതി. റോഡിന് 7.5 മീറ്റര്‍ വീതിയുണ്ട്. 1.5 മീറ്ററില്‍ നടപ്പാതയുണ്ട്. ഗുരുവായൂര്‍- തൃശൂര്‍ റോഡില്‍ നേരത്തേ റെയിൽവേ ഗേറ്റ് ഉണ്ടായിരുന്നിടത്താണ് പാലം നിര്‍മിച്ചിട്ടുള്ളത്.
കിഫ്ബി ഫണ്ടുപയോഗിച്ചുള്ള ആദ്യ മേൽപാലം
ഗുരുവായൂര്‍: തടസ്സങ്ങള്‍ ഇല്ലാത്ത റോഡ് ശൃംഖലക്കായി കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന പത്ത് മേൽപാലങ്ങളിൽ ആദ്യത്തേതാണ് ഗുരുവായൂരിൽ ഉദ്ഘാടനത്തിനായി ഒരുങ്ങുന്നത്. ഈ മാസം 14നാണ് ഗുരുവായൂർ റെയിൽവേ മേൽപാലത്തിന്റെ ഉദ്ഘാടനം. തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴ്, കൊല്ലം ജില്ലയില്‍ ഇരവിപുരം, മാളിയേക്കല്‍, തൃശൂര്‍ ജില്ലയില്‍ ചിറങ്ങര, ഗുരുവായൂർ പാലക്കാട് ജില്ലയില്‍ വാടാനംകുറിശ്ശി, അകത്തേത്തറ, മലപ്പുറം ജില്ലയില്‍ ചേളാരി ചെട്ടിപ്പടി, താനൂര്‍ തെയ്യാല, കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി-കൊടുവള്ളി എന്നീ മേല്പാലങ്ങളുടെ നിര്‍മാണ ഉദ്ഘാടനം 2021 ജനുവരി 23നാണ് മുഖ്യമന്ത്രി ഓൺലൈനിലൂടെ നിർവഹിച്ചത്.
ഈ പാലങ്ങളുടെ പട്ടികയില്‍ എട്ടാമതായാണ് ഗുരുവായൂരിലെ നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങിയത്. എങ്കിലും മറ്റെല്ലാം പാലങ്ങള്‍ക്കും മുമ്പ് ഗുരുവായൂരിലെ പാലം തുറന്നുകൊടുക്കുകയാണ്.
അതേസമയം, നവംബര്‍ ഒന്നിന് എല്ലാ പണികളും പൂര്‍ത്തീകരിക്കും എന്നാണ് കരാറുകാര്‍ പറഞ്ഞിരുന്നതെങ്കിലും ഇപ്പോഴും പണികള്‍ ബാക്കിയാണ്. ക്രാഷ് ഗാര്‍ഡ്, കൈവരി, ഫുട്പാത്ത് എന്നിവ പൂര്‍ത്തിയാകാനുണ്ട്. ടാറിങ്ങിന്റെ പ്രാഥമിക ഘട്ടം കഴിഞ്ഞെങ്കിലും ബിറ്റുമിന്‍ മെക്കാഡം ചെയ്യണം. ഡ്രൈയിനേജ് സംവിധാനങ്ങളും ആയിട്ടില്ല. പാലത്തിലും സര്‍വിസ് റോഡിലും സൗരോർജ വിളക്ക് സ്ഥാപിക്കണം. എല്ലാം കഴിഞ്ഞു വേണം പെയിന്റിങ്. പാലത്തിന്റെ അടിഭാഗത്ത് ടൈല്‍ വിരിക്കലുമുണ്ട്. രണ്ടാഴ്ചക്കുള്ളില്‍ ഇതെല്ലാം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. പാലത്തില്‍ ഭാരം കയറ്റി നിര്‍ത്തിയുള്ള പരീക്ഷണവും നടത്തണം. ശബരിമല സീസൺ നവംബർ പകുതിയോടെ ആരംഭിക്കാനിരിക്കെ ഉദ്ഘാടനം നീട്ടി വെക്കാനുമാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.