തൃശൂർ: കാൽകഴുകിച്ചൂട്ട്, ബ്രാഹ്മണ സദ്യ തുടങ്ങി ആചാരങ്ങളുടെ പേരിൽ നിലനിൽക്കുന്ന അനാചാരങ്ങളെ ക്ഷേത്രങ്ങളിൽനിന്ന് കുടിയിറക്കാൻ സർക്കാർ. ഇതുസംബന്ധിച്ച് ദേവസ്വം ബോർഡുകൾക്ക് നിർദേശം നൽകി. ദിവസങ്ങൾക്കു മുമ്പ് ഗുരുവായൂർ ക്ഷേത്രത്തിൽ ദേഹണ്ഡത്തിന് സഹായിയായി ബ്രാഹ്മണരെ ക്ഷണിച്ച് പരസ്യം നൽകിയതും കൊടുങ്ങല്ലൂർ എടവിലങ്ങ് ശിവകൃഷ്ണപുരം ക്ഷേത്രത്തിലെ ബ്രാഹ്മണരുടെ കാൽകഴുകിച്ചൂട്ട് വിവാദത്തിന് പിന്നാലെ തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ കാൽകഴുകിച്ചൂട്ട് നടന്നതും വിവാദമായ സാഹചര്യത്തിലാണ് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ഇടപെട്ടത്. സംഭവത്തിൽ മന്ത്രി ദേവസ്വം ബോർഡിനോട് റിപ്പോർട്ട് തേടി. വഴിപാടുകളുടെയും ആചാരങ്ങളുടെയും പേരിൽ ക്ഷേത്രങ്ങളിൽ നിലനിൽക്കുന്ന പ്രാകൃത പ്രവൃത്തികൾ ഒഴിവാക്കാനാണ് നിർദേശം.
വിവാദ വഴിപാടുകളും അശാസ്ത്രീയ ആചാരങ്ങളും പരിഷ്കരിക്കാനാണ് ദേവസ്വം ബോർഡുകളോട് നിർദേശിച്ചിട്ടുള്ളത്. കാലാനുസൃത മാറ്റങ്ങൾ ആരാധനക്രമങ്ങളിലും ആചാരങ്ങളിലുമടക്കം വന്നിട്ടുണ്ടെന്നിരിക്കെ തന്ത്രിമാർക്കും ഇക്കാര്യത്തിൽ നിർദേശം നൽകും. അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നത് ഒഴിവാക്കണമെന്നും ദേവസ്വം ബോർഡുകൾക്ക് മന്ത്രി നിർദേശം നൽകി. വിവാദങ്ങളുണ്ടാക്കാതെ തന്ത്രിമാരും പണ്ഡിതരും ഈ മേഖലയിലുള്ള മറ്റുള്ളവരുമായി ചർച്ച നടത്തി മാറ്റം വരുത്താനാണ് നീക്കം.
കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ളതാണ് കൊടുങ്ങല്ലൂർ എടവിലങ്ങ് ക്ഷേത്രവും തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രവും. അഷ്ടമംഗല പ്രശ്നത്തിലെ പരിഹാര ചാർത്തനുസരിച്ച് തന്ത്രി നിർദേശിച്ചത് പ്രകാരം ക്ഷേത്രോപദേശക സമിതിയാണ് കാൽകഴുകിച്ചൂട്ട് നടത്താൻ തീരുമാനിച്ചത്. ഇതിന്റെ നോട്ടീസ് പുറത്തുവന്നപ്പോഴാണ് വിവാദമായത്.
വിവരം മന്ത്രിയുടെ ശ്രദ്ധയിൽപെട്ടതോടെ ഉടൻ നിർത്തിവെക്കാൻ നിർദേശിക്കുകയായിരുന്നു. തൊട്ടുപിന്നാലെയാണ് ഗുരുവായൂർ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി പ്രസാദ ഊട്ടിനുള്ള ഭക്ഷണം പാചകം ചെയ്യുന്നതിന് ദേഹണ്ഡ സഹായിയായി ബ്രാഹ്മണനെ ക്ഷണിച്ചുള്ള അഡ്മിനിസ്ട്രേറ്ററുടെ ടെൻഡർ നോട്ടീസ് വന്നത്. സമൂഹ മാധ്യമങ്ങളിലടക്കം വലിയ വിമർശനമുയർന്നതോടെ ഇക്കാര്യത്തിലും മന്ത്രി ഇടപെടുകയായിരുന്നു. ഉത്തരവ് റദ്ദാക്കാൻ മന്ത്രി ദേവസ്വത്തിന് നിർദേശം നൽകി.
കഴിഞ്ഞ ദിവസമാണ് കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ തിടപ്പള്ളിയിൽ ബ്രാഹ്മണരുടെ കാൽകഴുകിച്ചൂട്ട് വഴിപാട് നടന്ന വിവരം പുറത്തുവന്നത്. 20,000 രൂപയാണ് വഴിപാട് നിരക്ക്. ക്ഷേത്രത്തിൽ നിലവിലുള്ള വഴിപാടാണ് ഇതെന്നാണ് ബോർഡിന്റെ വിശദീകരണം.
കാൽകഴുകിച്ചൂട്ട് അടക്കമുള്ള വഴിപാടുകൾ മാറ്റുന്നതടക്കമുള്ള വിഷയങ്ങളിൽ മേഖലയിലുള്ളവരുമായി ചർച്ച നടത്തി കാലാനുസൃത മാറ്റം വരുത്തുമെന്നും നടപടികളിലേക്ക് ഉടൻ കടക്കുമെന്നും കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.