ഗുരുവായൂര്‍: പത്തുദിവസം നീണ്ടുനിന്ന ഗുരുവായൂര്‍ ക്ഷേത്രോത്സവം ആറാട്ടോടെ കൊടിയിറങ്ങി. വെള്ളിയാഴ്ച വൈകീട്ട് പഞ്ചലോഹ വിഗ്രഹം കൊടിമരച്ചുവട്ടില്‍ പഴുക്കാമണ്ഡപത്തില്‍ എഴുന്നള്ളിച്ചുവെച്ചു.
കീഴ്ശാന്തി തിരുവാലൂർ ഹരിനാരായണൻ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്ന ദീപാരാധനക്കുശേഷം ഗ്രാമപ്രദക്ഷിണം തുടങ്ങി. കൊമ്പന് നന്ദന് തിടമ്പ് സ്വര്‍ണക്കോലത്തില്‍ ശിരസ്സിലേറ്റി. പഞ്ചവാദ്യം അകമ്പടിയേകി. തീര്‍ഥക്കുളത്തിന് വടക്കുഭാഗത്ത് പഞ്ചവാദ്യം അവസാനിച്ചു. തുടര്‍ന്ന് പാണ്ടിമേളമായിരുന്നു. കരിങ്കല്ലത്താണിക്കടുത്ത് മേളം നിര്‍ത്തി സങ്കടനിവൃത്തിച്ചടങ്ങ് നടത്തി. പ്രദക്ഷിണം കഴിഞ്ഞ് ആറാട്ട് ദിവസം മാത്രം പുറത്തെടുക്കുന്ന പഞ്ചലോഹ തിടമ്പുമായി ഭഗവതി ക്ഷേത്രത്തിലൂടെ ആറാട്ട് കടവിലെത്തി. പുണ്യാഹത്തിനുശേഷം ആദ്യം മഞ്ഞളിലും രണ്ടാമത് ഇളനീരിലും അഭിഷേകം ചെയ്തു.
തുടര്‍ന്ന് തന്ത്രി തിടമ്പുമായി തീര്‍ഥക്കുളത്തില്‍ മുങ്ങി നിവര്‍ന്ന് ആറാട്ട് നടത്തി. ഓതിക്കന്മാര്, കീഴ്ശാന്തിമാര്‍ എന്നിവരും ഇതോടൊപ്പം കുളത്തിലിറങ്ങി ആറാട്ട് നടത്തി. ഇതിനുശേഷം കടവില്‍ കാത്തിരുന്ന ആയിരക്കണക്കിന് ഭക്തരുടെ ഊഴമായിരുന്നു. നാരായണനാമമന്ത്രത്തോടെ ആയിരങ്ങള്‍ കുളത്തിലിറങ്ങി ആറാട്ടില്‍ പങ്കാളികളായി.
ക്ഷേത്രത്തിലെ ഇടത്തരികത്തുകാവിലെ വാതില്‍ മാടത്തില്‍ ഉച്ചപ്പൂജ നിവേദ്യത്തിന് ശേഷം വിഗ്രഹവുമായി ആനപ്പുറത്ത് കയറി 11 ഓട്ടപ്രദിക്ഷണം നടത്തി. ഓട്ടപ്രദക്ഷിണം പൂര്‍ത്തിയാക്കിയ ശേഷം ഉത്സവം കൊടിയിറക്കി. ആറാട്ടിന് അഭിഷേകം ചെയ്ത തൃച്ഛന്ദനപ്പൊടി ഭക്തര്‍ക്ക് പ്രസാദമായി നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.