ഗുരുവായൂര്‍: ബസ്സ്റ്റാന്‍ഡ് സമുച്ചയത്തിെൻറ പുതുക്കിയ എസ്റ്റിമേറ്റിന് കൗണ്‍സില്‍ അംഗീകാരം നല്കി. 18.50 കോടി രൂപയുടെ എസ്റ്റിമേറ്റാണ് അംഗീകരിച്ചത്. നേരത്തേ 13.5 കോടിയായിരുന്നു എസ്റ്റിമേറ്റ്. രണ്ടു മാസത്തിനകം പണി ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് നഗരസഭാധ്യക്ഷന്‍ എം. കൃഷ്ണദാസ് പറഞ്ഞു.
നിര്‍മാണത്തിന് കേരള ബാങ്ക് വായ്പ നല്‍കുമെന്നും അറിയിച്ചു. ചാവക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ട് നിര്‍മാണത്തിനുള്ള 2.5 കോടിയുടെ എസ്റ്റിമേറ്റ് അംഗീകരിച്ചു. നേരത്തേ 1.67 കോടിയായിരുന്നു. ഗ്രൗണ്ടിനെ ഫുട്ബാള്‍ ഗ്രൗണ്ട് മാത്രമാക്കി മാറ്റുന്നതിന് ശോഭ ഹരിനാരായണന് വിയോജിപ്പ് അറിയിച്ചു. എന്നാല്‍, ഗ്രൗണ്ട് നില്ക്കുന്ന വാര്‍ഡിലെ കൗണ്‍സിലര്‍ അഭിപ്രായമൊന്നും പറഞ്ഞില്ല. നഗരസഭയിലെ റോഡുകളുടെ അവസ്ഥയെക്കുറിച്ച് വ്യാപക പ്രതിഷേധം ഉയര്‍ന്നു.
നഗരസഭയിലെ മിക്കവാറും റോഡുകളുടെയും സ്ഥിതി ശോചനീയമാണെന്ന് കെ.പി.എ. റഷീദ് പറഞ്ഞു. നഗരത്തിലെ റോഡുകളുടെ സ്ഥിതി കെ.പി. ഉദയന്‍ ശ്രദ്ധയില്‍പ്പെടുത്തി. രേണുക ശങ്കര്‍, എ.വി. അഭിലാഷ് എന്നിവരും തങ്ങളുടെ വാര്‍ഡിലെ റോഡുകളുടെ വിഷയം ഉന്നയിച്ചു.
ഇന്നര്‍ റിങ് റോഡില്‍ നഗരസഭയുടെ ഭാഗം ടൈല്‍ വിരിക്കുമെന്ന് അധ്യക്ഷന്‍ എം. കൃഷ്ണദാസ് പറഞ്ഞു. അതിനുമുമ്പ് താൽക്കാലികമായി കുഴികളടക്കും. തിരുത്തിക്കാട്ട് പറമ്പില്‍ ദേവസ്വം മാലിന്യം തള്ളുന്നത് ഉദയന്‍ ശ്രദ്ധയില്‍ കൊണ്ടുവന്നു. ആര്.വി. ഷെരീഫ്, സി.എസ്. സൂരജ്, ഫൈസല്‍ പൊട്ടത്തയില്‍, ജീഷ്മ സുജിത് എന്നിവര്‍ സംസാരിച്ചു.
വിജയിച്ച കര്‍ഷകര്‍ക്ക് നഗരസഭയുടെ അഭിനന്ദനം
കേന്ദ്ര സര്‍ക്കാറിനെതിരായ പോരാട്ടത്തില്‍ വിജയിച്ച കര്‍ഷകരെ നഗരസഭ കൗണ്‍സില്‍ അഭിനന്ദിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ എ. സായിനാഥന്‍ അവതരിപ്പിച്ച പ്രമേയം കൗണ്‍സില്‍ അംഗീകരിക്കുകയായിരുന്നു.
രാജ്യ സുരക്ഷയെ കരുതി ബില്‍ പിന്‍വലിക്കുകയാണെന്ന പ്രധാനമന്ത്രിയുടെ വിശദീകരണം കൂടി ഉള്‍ക്കൊള്ളണമെന്ന് ബി.ജെ.പി അംഗം ശോഭ ഹരിനാരായണന് ആവശ്യപ്പെട്ടെങ്കിലും അത് അംഗീകരിക്കപ്പെട്ടില്ല. രാജ്യ സുരക്ഷയെ കരുതിയല്ല, തെരഞ്ഞെടുപ്പിനെ ഭയന്നാണ് പിന്മാറ്റമെന്ന് പ്രഫ. പി.കെ. ശാന്തകുമാരി പറഞ്ഞു.
സമരത്തിനിടെ 700ഓളം കര്‍ഷകര്‍ മരിച്ചതില്‍ കേന്ദ്ര സര്‍ക്കാറിന് ഖേദമില്ലെന്നും നിരന്തരമായ പോരാട്ടത്തിേൻറതാണ് വിജയമെന്നും സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ എ.എസ്. മനോജ് പറഞ്ഞു.
ഗുരുവായൂര്‍: കൗണ്‍സില്‍ അജണ്ടയില്‍ വന്ന ധാരണപത്രത്തിെൻറ ഉള്ളടക്കം ഒരു കൗണ്‍സിലറും അന്വേഷിക്കാതിരുന്നതിനെ കുറിച്ചുള്ള 'മാധ്യമം' വാര്‍ത്ത ശനിയാഴ്ച നടന്ന കൗണ്‍സിലില്‍ ചര്‍ച്ചയായി. ദ്രവമാലിന്യം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച ആക്ഷന്‍ പ്ലാന്‍ അജണ്ടയില്‍ വന്നപ്പോള്‍ ബി.ജെ.പിയിലെ ശോഭ ഹരിനാരായണനാണ് കഴിഞ്ഞ കൗണ്‍സിലില്‍ കേന്ദ്ര സര്‍ക്കാറിെൻറ ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെൻറര്‍, അമിനിറ്റി സെൻറര്‍ എന്നിവയുടെ നടത്തിപ്പ് നഗരസഭക്ക് കൈമാറുന്നതിനുള്ള ധാരണപത്രത്തിെൻറ ഉള്ളടക്കം വിശദീകരിക്കാതിരുന്നതിനെ ചോദ്യം ചെയ്തത്. ഇക്കാര്യം മാധ്യമത്തില്‍ വാര്‍ത്തയായതും അവര്‍ ചൂണ്ടിക്കാട്ടി. ചര്‍ച്ച നടക്കാതിരുന്ന കൗണ്‍സിലില്‍ ശോഭ പങ്കെടുത്തിരുന്നില്ല. വിശദാംശങ്ങള്‍ സെക്രട്ടറിയോട് ചോദിച്ചിട്ടും തനിക്ക് നല്‍കിയില്ലെന്നും വിവരാവകാശ രേഖ പ്രകാരം അപേക്ഷിക്കാന്‍ ആവശ്യപ്പെട്ടെന്നും അവര്‍ പറഞ്ഞു. ഇപ്പോഴത്തെ അജണ്ടയിലുള്ള ദ്രവമാലിന്യ ആക്ഷന്‍ പ്ലാന്‍ വിശദീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഒരു കൗണ്‍സിലര്‍ പോലും കഴിഞ്ഞ കൗണ്‍സിലില്‍ ധാരണപത്രത്തിെൻറ വിശദാംശം ആവശ്യപ്പെട്ടിരുന്നില്ലെന്ന് ചെയര്മാന് പറഞ്ഞു. ഇക്കാര്യമാണ് മാധ്യമം വാര്‍ത്തയായി വന്നത്. ചെയര്‍മാെൻറ അനുമതിയോടെ കൗണ്‍സിലര്‍ക്ക് ഫയല്‍ പരിശോധിക്കാന്‍ നല്‍കാമെന്നും അദ്ദേഹം പറഞ്ഞു. താന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ധാരണപത്രത്തിെൻറ പകര്‍പ്പ് നല്കിയാല് മതിയെന്നുമായിരുന്നു കൗണ്‍സിലറുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.