ഗുരുവായൂർ: നിയമസഭയിലെ ബ്രഹ്മപുരം ചർച്ചയിൽ ഗുരുവായൂർ മാതൃകയെ വാനോളം പുകഴ്ത്തി മന്ത്രി എം.ബി. രാജേഷ്. ഗുരുവായൂരിന്റെ ‘ബ്രഹ്മപുരം’ ആയിരുന്ന ചൂൽപ്പുറത്തെ ശവക്കോട്ട എന്നറിയപ്പെട്ടിരുന്ന മാലിന്യ നിക്ഷേപ കേന്ദ്രത്തിൽ വന്ന അത്ഭുതകരമായ മാറ്റങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പ്രസംഗം. കൃഷ്ണ സന്നിധിയിലേക്ക് അവിൽ പൊതിയുമായി പോയപ്പോൾ കുചേലന്റെ കുടിൽ കൊട്ടാരമായതിന് സമാനമായ അത്ഭുതം കഥയിലല്ലാതെ ഗുരുവായൂരിൽ നേരിട്ട് കാണാമെന്ന് മന്ത്രി പറഞ്ഞു.
അനാഥ മൃതദേഹങ്ങൾ അടക്കം സംസ്കരിക്കുന്ന ഇടമായിരുന്ന മാലിന്യ കേന്ദ്രം ഇന്ന് ബയോപാർക്കും കുട്ടികളുടെ പാർക്കുമെല്ലാമായി മാറി. ഇത്തരത്തിൽ കൊച്ചിയെയും മാറ്റിയെടുക്കണമെന്ന് മന്ത്രി പറഞ്ഞു. ഐ.ആർ.ടി.സിയുടെ നേതൃത്വത്തിൽ നടന്ന മാലിന്യ സംസ്കരണ പദ്ധതിയിലൂടെയാണ് ചൂൽപ്പുറത്തെ മാറ്റിയത്. ബയോപാർക്ക്, വഴിയോര വിശ്രമകേന്ദ്രം, കുട്ടികളുടെ പാർക്ക് എന്നിവയെല്ലാമാണ് ഇപ്പോൾ ചൂൽപ്പുറത്തുള്ളത്.
ബയോപാർക്കിൽ മാലിന്യം സംസ്കരിച്ച് വളമാക്കി വിൽക്കുന്നുമുണ്ട്. കഴിഞ്ഞ ദിവസം മന്ത്രി കെ. രാജൻ അടക്കമുള്ളവർ പങ്കെടുത്ത മാലിന്യ സംസ്കരണ മാതൃകകളുടെ അവതരണവും സെമിനാറും നടന്നത് ഇവിടെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.