ഗുരുവായൂര്‍: റോഡുകളുടെ ശോച്യാവസ്ഥയെക്കുറിച്ച ചര്‍ച്ച കൈയാങ്കളിയുടെ വക്കിലെത്തിയപ്പോള്‍ 33 അജണ്ടകള്‍ ചര്‍ച്ച കൂടാതെ പാസാക്കി നഗരസഭ കൗണ്‍സില്‍ യോഗം പിരിച്ചുവിട്ടു. നടുത്തളത്തിലിറങ്ങിയുള്ള വെല്ലുവിളികളും ആക്രോശങ്ങളുമാണ് അര മണിക്കൂറോളം കൗണ്‍സിലില്‍ നിറഞ്ഞത്.
നളന്ദ -ചാമുണ്ഡേശ്വരി റോഡിന്റെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച് കൗണ്‍സില്‍ അജണ്ടയിലേക്ക് കടക്കുംമുമ്പേ മുന്‍ ചെയര്പേഴ്സന് കൂടിയായ പ്രഫ. പി.കെ. ശാന്തകുമാരി പ്ലക്കാര്‍ഡുമായി നിലത്തിരുന്ന് പ്രതിഷേധിച്ചതിലായിരുന്നു തുടക്കം. റോഡ് വൈകാതെ മികച്ച രീതിയില്‍ ടാര്‍ ചെയ്യുമെന്ന ഉറപ്പിനെ തുടര്‍ന്ന് പ്രഫ. ശാന്തകുമാരി കുത്തിയിരിപ്പ് അവസാനിപ്പിച്ചെങ്കിലും മറ്റു കൗണ്‍സിലര്‍മാര്‍ തങ്ങളുടെ വാര്‍ഡുകളിലെ റോഡ് വിഷയവുമായി എഴുന്നേല്‍ക്കുകയായിരുന്നു.
താന്‍ സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ സ്ഥിരമായി ഭരണപക്ഷം തടസ്സപ്പെടുത്തുന്നുവെന്ന് മുസ്ലിം ലീഗിലെ മെഹ്റൂഫ് പരാതിപ്പെട്ടു. അര മണിക്കൂറോളമായിട്ടും റോഡ് വിഷയം വിട്ട് അജണ്ടയിലേക്ക് കടക്കാനായില്ല. ഇതോടെ അജണ്ട വായിച്ചു തുടങ്ങാന്‍ അധ്യക്ഷത വഹിച്ചിരുന്ന വൈസ് ചെയര്പേഴ്സന് അനീഷ്മ ഷനോജ് ക്ലര്‍ക്കിനോട് ആവശ്യപ്പെട്ടു.
എന്നാല്‍, മുനിസിപ്പല്‍ എന്‍ജിനീയറുടെ മറുപടിക്ക് ശേഷം മതി അജണ്ടയിലേക്ക് കടക്കലെന്ന് പ്രതിപക്ഷം ബഹളം തുടങ്ങി. ഇതോടെ ഭരണപക്ഷത്തെ ചിലര്‍ പ്രതിപക്ഷ ഇരിപ്പിടങ്ങള്‍ക്ക് നേരെ ചെന്നു. നേരിടാന്‍ പ്രതിപക്ഷവും രംഗത്തിറങ്ങി. മുതിര്‍ന്ന അംഗങ്ങള്‍ രംഗം ശാന്തമാക്കി. എന്നാല്‍, വീണ്ടും പ്രതിപക്ഷ നേതാവ് കെ.പി. ഉദയന്‍ സംസാരിക്കാന്‍ തുടങ്ങിയതോടെ ബഹളം തുടങ്ങി. വീണ്ടും ഇരുപക്ഷവും നടുത്തളത്തിലേക്ക് ഇറങ്ങി വാക്കേറ്റമായി.
സംഗതി കൈവിട്ടു പോകുമെന്ന ഘട്ടമെത്തിയതോടെ അജണ്ടകളെല്ലാം പാസാക്കിയതായി പ്രഖ്യാപിച്ച് വൈസ് ചെയര്പേഴ്സന് അനീഷ്മ ഷനോജ് കൗണ്‍സില്‍ പിരിച്ചുവിട്ടു. ഒരു അജണ്ട പോലും വായിക്കാതെയാണ് 33 ഇനങ്ങള്‍ പാസാക്കിയത്. പിരിച്ചുവിട്ട നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് കെ.പി. ഉദയന്‍ പറഞ്ഞു.
കൗണ്‍സില്‍ നടത്തിപ്പിനെ പ്രതിപക്ഷം തടസ്സപ്പെടുത്തുകയായിരുന്നുവെന്ന് വൈസ് ചെയര്പേഴ്സന് അനീഷ്മ ഷനോജും പറഞ്ഞു. എ.എസ്. മനോജ്, എ.എം. ഷഫീര്‍, ആര്.വി. ഷരീഫ്, കെ.പി.എ. റഷീദ്, എ. സായിനാഥന്‍, ബിന്ദു അജിത്കുമാര്‍, ഫൈസല്‍ പൊട്ടത്തയില്‍, മെഹ്റൂഫ്, ദേവിക ദിലീപ്, സി.എസ്. സൂരജ്, എ.വി. അഭിലാഷ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.