ഗുരുവായൂർ മേൽപാലം: പന്ത് റെയില്‍വേയുടെ കോര്‍ട്ടിൽ

ഗുരുവായൂര്‍: മേല്‍പാല നിര്‍മാണം പ്രതീക്ഷിച്ച വേഗത്തില്‍ മുന്നോട്ട് പോകുന്നുവെങ്കിലും പാലം പൂര്‍ണമാകാന്‍ റെയില്‍വേയുടെ പച്ചക്കൊടി വേണം. പാലത്തിന്റെ ഗര്‍ഡറുകള്‍ നിര്‍മിക്കുന്ന തൃശിനാപ്പിള്ളിയിലെ ഫാക്ടറിയില്‍ ലഖ്നോവിലെ റിസര്‍ച്ച് ഡിസൈന്‍ ആന്‍ഡ് സ്റ്റാന്‍ഡേഡ്സ് ഓര്‍ഗനൈസേഷന്റെ (ആര്‍.ഡി.എസ്.ഒ) ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയാലേ പാളത്തിന് മുകളിലെ രണ്ട് സ്പാനുകളുടെ കോണ്‍ക്രീറ്റിങ് പ്രവൃത്തിയിലേക്ക് കടക്കാനാവൂ.

ഇതിന്റെ രേഖകളെല്ലാം കൈമാറിയിട്ടുണ്ട്. പരിശോധന എപ്പോള്‍ നടക്കുമെന്ന് തീരുമാനമായിട്ടില്ല. പാളത്തിന് മുകളില്‍ വരുന്ന സ്പാനുകളുടെ തൂണുകള്‍ക്കുള്ള പൈലിങ് പുരോഗമിക്കുകയാണ്. 12 പൈലുകളില്‍ ഏഴെണ്ണം പൂര്‍ത്തിയായി.

ജനുവരി പകുതിയോടെ ഈ ഭാഗത്തെ കോണ്‍ക്രീറ്റ് തൂണുകളുടെ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് കരാറുകാര്‍ എന്‍.കെ. അക്ബര്‍ എം.എല്‍.എ വിളിച്ചുചേര്‍ത്ത അവലോകന യോഗത്തില്‍ അറിയിച്ചു. മുകളില്‍ വരുന്ന ഭാഗം ഒഴിച്ചുള്ള പാലത്തിന്റെ കോണ്‍ക്രീറ്റിങ് നവംബർ 15നകം പൂര്‍ത്തിയാകും.

പടിഞ്ഞാറ് ഭാഗത്തെ കോണ്‍ക്രീറ്റിങ് പൂര്‍ത്തിയായി. പാളത്തിന് മുകളിലെ ഭാഗത്തിന്റെ കോണ്‍ക്രീറ്റിങ് പൂര്‍ത്തീകരിച്ച ശേഷമേ ഇപ്പോള്‍ നിര്‍മിച്ച ഭാഗവുമായി ബന്ധിപ്പിക്കുന്ന ഗര്‍ഡറുകള്‍ സ്ഥാപിക്കാനാവൂ.

പാലത്തെ റോഡുമായി ബന്ധിപ്പിക്കുന്ന ഭാഗത്തിന്റെ നിര്‍മാണത്തിനായി മണ്ണ് എത്തിക്കാനുള്ള അനുമതി വേഗത്തിലാക്കും. എന്നാല്‍, പാളം മുറിച്ചുകടന്ന് വാഹനങ്ങള്‍ക്ക് കിഴക്കോട്ട് പോകാനാവില്ല. സർവിസ് റോഡിലേക്ക് ഇറങ്ങിനില്‍ക്കുന്ന വൈദ്യുതിത്തൂണുകള്‍ മാറ്റാമെന്ന് കെ.എസ്.ഇ.ബി പ്രതിനിധികള്‍ അറിയിച്ചു.

തിരുവെങ്കിടം അടിപ്പാതക്ക് ആവശ്യമായ ഭൂമിക്ക് ദേവസ്വത്തിന് കത്ത് നല്‍കി. സ്വകാര്യ വ്യക്തികളുടെ ഭൂമി വില നല്‍കി ഏറ്റെടുക്കും. നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ്, മുനിസിപ്പല്‍ എന്‍ജിനീയര്‍ ഇ. ലീല, എസ്.ഐ ഐ.എസ്. ബാലകൃഷ്ണന്‍, കെ.എസ്.ഇ.ബി അസി. എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ എം. ബിജി, അസി. എന്‍ജിനീയര്‍ എ. ബീന, ആര്‍.ബി.ഡി.സി.കെ പ്രോജക്ട് എന്‍ജിനീയര്‍ ഇ.എ. ആഷിദ് എന്നിവര്‍ സംസാരിച്ചു.

റെയില്‍വേയും കെ-റെയിലും എത്തിയില്ല; ദേവസ്വത്തെ അറിയിച്ചില്ല

ഗുരുവായൂര്‍: റെയില്‍വേ മേല്‍പാല നിര്‍മാണ അവലോകന യോഗത്തിലേക്ക് റെയില്‍വേയുടെയും തിരുവെങ്കിടം അടിപ്പാത നിര്‍മാണം നടത്തുന്ന കെ-റെയിലെന്റെയും ഉദ്യോഗസ്ഥരെത്തിയില്ല.

അടിപ്പാതക്ക് ദേവസ്വം ഭൂമി ആവശ്യമുള്ളതിനാല്‍ ദേവസ്വം അധികൃതരെ യോഗത്തിലേക്ക് ക്ഷണിക്കാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും നഗരസഭയില്‍നിന്ന് കത്ത് നല്‍കിയതുമില്ല. യോഗത്തില്‍ പങ്കെടുക്കാതിരുന്നതിന് റെയിൽവേ, കെ-റെയില്‍ അധികൃതര്‍ക്ക് കാരണംകാണിക്കല്‍ കത്ത് നൽകാൻ എന്‍.കെ. അക്ബര്‍ എം.എല്‍.എ നിര്‍ദേശിച്ചു.

Tags:    
News Summary - Guruvayur Flyover-railway-track

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.