ഗുരുവായൂർ: ആനത്താവളത്തിനടുത്ത് തമ്പുരാൻപടിയിൽ കുരഞ്ഞിയൂർ ബാലന്‍റെ വീട്ടിൽനിന്ന് ഒന്നര കോടി രൂപയുടെ സ്വർണം കവർന്ന സംഭവത്തിൽ കൂടുതൽ പ്രതികൾ വലയിലായതായി സൂചന. സ്വർണം വിൽക്കാൻ സഹായിച്ചവരാണ് വലയിലായത്.
പ്രതി ധർമരാജിന്‍റെ സഹോദരൻ അടക്കമുള്ളവർ സ്വർണം വിൽക്കാൻ സഹായിച്ചതായാണ് സൂചന. ചണ്ഡിഗഢിലുണ്ടായിരുന്ന ഇയാൾ കൊൽക്കത്തയിലേക്ക് കടന്നിരുന്നു. റിമാൻഡിലുള്ള പ്രതി ധർമരാജിനെ ബുധനാഴ്ച പൊലീസ് കസ്റ്റഡിയിൽ വാങ്ങും. മോഷ്ടിച്ച സ്വർണത്തിലെ ഒരുഭാഗം ഇയാളുടെ കൈയിലുണ്ടെന്ന് കരുതുന്നു. വലിയൊരു ഭാഗം വിറ്റഴിച്ചിട്ടുണ്ട്.
മേയ് 12നാണ് ബാലന്‍റെ വീട്ടിൽ അലമാരയിൽ സൂക്ഷിച്ച സ്വർണവും രണ്ട് ലക്ഷം രൂപയും കവർന്നത്. പ്രതി ധർമരാജിനെ ഞായറാഴ്ച രാത്രി ചണ്ഡിഗഢിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു.
ഗുരുവായൂർ: തമ്പുരാൻപടിയിലെ സ്വർണക്കവർച്ചയിലെ പ്രതി ധർമരാജ് ആഡംബര പ്രിയൻ. വിലകൂടിയ വസ്ത്രങ്ങളും ഷൂവുമെല്ലാമാണ് ഇദ്ദേഹം ഉപയോഗിക്കുന്നത്. ഇന്ത്യയിലെ സുഖവാസ കേന്ദ്രങ്ങളിലെല്ലാം കറങ്ങുന്ന സ്വഭാവമുള്ള ഇയാൾ നക്ഷത്ര ഹോട്ടലുകളിലാണ് താമസം.
ചണ്ഡിഗഢിൽനിന്ന് അറസ്റ്റിലാകുമ്പോഴും വിലകൂടിയ ഷർട്ടും പാന്റ്സുമാണ് ധരിച്ചിരുന്നത്. തെളിവെടുപ്പിനായി ജീപ്പിൽനിന്ന് ഇറക്കുമ്പോൾ 'പതുക്കെ പിടിക്ക് സാറേ, ഷർട്ടിന്‍റെ ബട്ടൻ' എന്നായിരുന്നു അഭ്യർഥന. വില കൂടിയ തൊപ്പിയും ധരിക്കാറുണ്ടായിരുന്നു. ഗുരുവായൂരിലെ വീട്ടിലെ മോഷണത്തിന്‍റെ സി.സി.ടി.വി ദൃശ്യത്തിലും കുളപ്പുള്ളിയിലെ ഡോക്ടറുടെ വീട്ടിൽ നടന്ന മോഷണത്തിലും ഒരേതരത്തിലുള്ള തൊപ്പി കണ്ടത് പൊലീസിന് സൂചനയായി.
കൈയിലെ പച്ചകുത്തിയ പാട് മറച്ചുപിടിക്കാൻ ശ്രമിക്കാറുണ്ടായിരുന്നെങ്കിലും കൈ ഉയർത്തിയപ്പോൾ സി.സി.ടി.വിയിൽ പതിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.