ഗുരുവായൂർ: നന്ദനക്ക് ഇനി അമ്മയുടെ വിളി കേൾക്കാം. ക്ലാസിൽ അധ്യാപകരുടെ ചോദ്യങ്ങൾക്ക് പരസഹായമില്ലാതെ ഉത്തരം പറയാം. കൊച്ചനുജൻ നിവേദിന്റെ കുസൃതികൾക്കൊപ്പം കൂടുകയും കൂട്ടുകാരുമായി കഥകൾ പറഞ്ഞും കേട്ടും ഉല്ലസിക്കുകയും ചെയ്യാം. ഗുരുവായൂരിൽ നടന്ന നാല് മന്ത്രിമാർ പങ്കെടുത്ത അദാലത്താണ് ശ്രവണ വൈകല്യം നേരിട്ടിരുന്ന ഗുരുവായൂർ താഴിശ്ശേരി വീട്ടിൽ നന്ദനക്ക് താങ്ങായത്. ഒരു മാസം മുമ്പ് നടന്ന അദാലത്തിൽ നന്ദന പിതാവ് ബിനുവുമൊത്ത് എത്തിയാണ് സങ്കടം പറഞ്ഞത്. എൻ.കെ. അക്ബർ എം.എൽ.എ മന്ത്രി കെ. രാജന്റെയും ജില്ല കലക്ടർ വി.ആർ. കൃഷ്ണ തേജയുടെയും മുന്നിൽ നന്ദനയുടെ ജീവിത സാഹചര്യം വിശദീകരിച്ചു.ഗുരുവായൂർ എൽ.എഫ് കോളജിൽ ബി.കോം ഒന്നാംവർഷ വിദ്യാർഥിനിയായ നന്ദന ജന്മനാ കേൾവിക്ക് വെല്ലുവിളി നേരിട്ടിരുന്ന കുട്ടിയാണ്.
ചായക്കട നടത്തിയാണ് പിതാവ് ബിനു കുടുംബം പുലർത്തിയിരുന്നത്. അർബുദ ബാധിതയായ മാതാവിന്റെ ചികിത്സാ ചെലവും വീട്ടുകാര്യങ്ങളും കൂട്ടിമുട്ടിക്കാൻ പിതാവ് പ്രയാസപ്പെടുകയായിരുന്നു. മകൾക്ക് ശ്രവണസഹായി വാങ്ങുക എന്നത് വലിയൊരു സ്വപ്നമായിരുന്നു. എന്നാൽ ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ അതിനിടം കിട്ടാതെ വിഷമിച്ച ഘട്ടത്തിലാണ് സർക്കാർ അദാലത്ത് തുണയായത്. ഒന്നര ലക്ഷം രൂപ വില വരുന്ന ശ്രവണസഹായിയാണ് നന്ദനക്ക് മന്ത്രി കെ. രാജൻ കൈമാറിയത്. മണപ്പുറം ഫൗണ്ടേഷന്റെ സഹായത്തോടെയാണ് ഇത് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.